തിരുവനന്തപുരം: സ്‌കൂളുകളിൽ അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാകണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഇക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നൽകുന്ന പട്ടികയിൽ നിന്ന് ഉദ്യോഗാർത്ഥികളെ അഭിമുഖം നടത്തി റാങ്ക് അടിസ്ഥാനത്തിൽ വേണം താത്കാലിക നിയമനം നടത്താനെന്നും മന്ത്രി പറഞ്ഞു.
അതേസമയം താത്കാലിക നിയമനം സംബന്ധിച്ച് യാതൊരുവിധ പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും വി ശിവന്‍കുട്ടി അറിയിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് അർഹരായ ഉദ്യോഗാർത്ഥികളെ ലഭിച്ചില്ലെങ്കിൽ മാത്രമേ മറ്റു സാധ്യതകൾ തേടാവൂ. ഇതിനായി ആദ്യം പത്രപരസ്യം നൽകണം. തുടർന്ന് പരിണിതപ്രജ്ഞരായ ആളുകളെ ഉൾപ്പെടുത്തി അഭിമുഖ ബോർഡ് രൂപീകരിക്കണം. ഈ അഭിമുഖ ബോർഡ് ഉദ്യോഗാർത്ഥികളെ അഭിമുഖം നടത്തി കഴിവും യോഗ്യതയും ഉള്ളവരെ ഉൾപ്പെടുത്തി റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കണം. റാങ്ക്ലിസ്റ്റ് സ്കൂൾ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു.