കോട്ടയം: സ്ത്രീയെ ആക്രമിച്ച കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് വൈക്കം പൊലീസ് സ്റ്റേഷനിൽ സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. എസ് ഐ അജ്മൽ ഹുസൈൻ, പൊലീസുകാരായ സാബു, വിനോയ്, വിനോദ് എന്നിവരുടെ സസ്പെൻഷനാണ് ഡിഐജി എ. ശ്രീനിവാസ് പിൻവലിച്ചത്. ഈ മാസം 24 നാണ് ഇവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. അന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം കണക്കിലെടുത്താണ് നടപടി പിൻവലിച്ചത്. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് സേനയ്ക്കുളളിൽ അതൃപ്തിക്ക് വഴിവച്ചിരുന്നു.
കേസെടുക്കാൻ വൈകി, ദുർബലമായ വകുപ്പുകൾ ഇട്ടു, പരാതി കൈപ്പറ്റിയ രസീത് കൈമാറിയില്ല തുടങ്ങിയ കാര്യങ്ങളിൽ പൊലീസിന് വീഴ്ച പറ്റിയെന്നാണ് വിമർശനം ഉയർന്നത്. പൊലീസുകാരെ കൂട്ട സ്ഥലമാറ്റം നടത്തിയ നടപടിയിൽ പൊലീസ് സേനയിൽ അതൃപ്തി. കേസിനെ പറ്റി വിശദമായി അന്വേഷിക്കാനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളു. നടപടി എടുക്കപ്പെട്ട ഉദ്യോഗസ്ഥർ സേനയിൽ കാര്യക്ഷമമായി ജോലി ചെയ്യുന്നവരാണെന്നാണ് പൊലീസ് പറഞ്ഞത്. അന്വേഷണത്തിനുള്ള സ്വാഭാവിക സമയം എടുത്തതിന്റെ പേരിൽ ഉണ്ടായ നടപടിയാണ് സേനയിലെ അതൃപ്തിക്ക് കാരണമായത്.