ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് സ്വകാര്യ ഭാഗത്തുകൊണ്ട് 11 വയസുകാരൻ മരിച്ചു. പൂനെയിലെ ലോഹെഗോണിൽ വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. ശൗര്യ എന്ന് വിളിക്കുന്ന ശംഭു കാളിദാസ് ഖാൻഡ്‌വെ എന്ന ആറാം ക്ലാസുകാരനാണ് മരണപ്പെട്ടത്. രമൻബോഗിലെ ന്യൂ ഇംഗ്ലീഷ് സ്‌കൂൾ വിദ്യാർത്ഥിയാണ്. കുട്ടി സുഹൃത്തുക്കളുമൊത്ത് ക്രിക്കറ്റ് കളിക്കുന്നതിന്റെയും പന്തുകൊണ്ട് ബോധരഹിതനാവുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ലോഹെഗോണിലെ ജഗത്‌ഗുരു സ്‌പോർട്ട് അക്കാഡമി ഗ്രൗണ്ടിൽ വ്യാഴാഴ്‌ച രാത്രി ഒൻപത് മണിയോടെയാണ് സംഭവമുണ്ടായത്. ശൗര്യ ബൗളിംഗ് ആണ് ചെയ്തിരുന്നത്. ഇതിനിടെ ബാറ്റർ ശൗര്യയ്ക്കുനേരെതന്നെ പന്തടിക്കുകയായിരുന്നു. വേഗത്തിലെത്തിയ പന്ത് ശക്തിയോടെ ശൗര്യയുടെ സ്വകാര്യ ഭാഗത്ത് പതിച്ചു. പിന്നാലെ കുട്ടി ബോധരഹിതനായി. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ശൗര്യയ്ക്ക് മാതാപിതാക്കളും ഒരു സഹോദരനുമുണ്ട്.
സംഭവത്തിൽ അപകട മരണത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിനുശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ശൗര്യ റസ്‌ലർ ആകാൻ ആഗ്രഹിച്ചിരുന്നതായും അതിനായി പരിശീലിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.