ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് ഫല പ്രഖ്യാപനം. വിദ്യാർത്ഥികൾക്ക് cisce.org, results.cisce.org എന്നീ സൈറ്റുകളിൽ നിന്ന് ഫലം അറിയാം. ഇത് കൂടാതെ ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ കഴിയും.
ദി കൌണ്‍സിൽ ഫോർ ഇന്ത്യൻ സ്കൂള്‍ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‍സിഇ) യാണ് ഫലം പ്രഖ്യാപിക്കുക. ഈ വർഷം പത്താംക്ലാസിൽ ഏകദേശം 2.5 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷം ഐസിഎസ്ഇ പത്താം ക്ലാസിലെ വിജയ ശതമാനം 98.94 ശതമാനമായിരുന്നു. ഐഎസ്‌സി 12ാം ക്ലാസിൽ 96.93 ശതമാനമായിരുന്നു വിജയം.
ഫലം അറിഞ്ഞ ശേഷം ഉത്തരകടലാസുകൾ പുനപരിശോധിക്കണമെങ്കിൽ ഐസിഎസ്ഇ വിഭാഗത്തിൽ 1000 രൂപയും ഐഎസ്‍സി വിഭാഗത്തിൽ 1500 രൂപയും അടയ്ക്കണം. ഫലം അറിഞ്ഞ സൈറ്റുകളിൽ കൂടെ തന്നെ വിദ്യാർത്ഥികൾക്ക് പുനപരിശോധനക്ക് അപേക്ഷിക്കാം. മാർക്കോ ഗ്രേഡോ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പരമാവധി രണ്ട് വിഷയങ്ങളിൽ ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതാം. ഇംപ്രൂവ്‌മെന്‍റ് പരീക്ഷകൾ ജൂലൈയിൽ നടത്തും.