ദില്ലി: കേന്ദ്ര സർക്കാർ വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി അറിയിച്ചിട്ടുണ്ട്. 2219 കോടി രൂപയുടെ പാക്കേജ് സംബന്ധിച്ചുള്ള കാര്യങ്ങൾ അന്തർ മന്ത്രാലയ സമിതിയുടെ പരിഗണനയിലാണ്. മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് സഹായ ധനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കും. ഗുരുതര സ്വഭാവമുള്ള ദുരന്തം എന്ന വിഭാഗത്തിൽ ആണ് കേന്ദ്രം വയനാട് ദുരന്തത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളം തന്നെ ഈ ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു.
കേരളം ആവശ്യപ്പെട്ടതുപോലെ ലെവൽ 3 വിഭാഗത്തിൽ വയനാട് ദുരന്തം ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല. ലെവൽ 3 ദുരന്തത്തിൽ ഉൾപ്പെടുത്തുന്നതിന്റെ കാര്യത്തിൽ കേന്ദ്രസർക്കാർ തന്നെ വ്യക്തത നൽകേണ്ടതുണ്ട്. ദുരന്തബാധിതർ മാസങ്ങളായി കഷ്ടത അനുഭവിക്കുകയാണ്. കേന്ദ്ര ചട്ടപ്രകാരം കേരളത്തിലെ നഷ്ടപരിഹാരം ദുരന്തബാധിതർക്കു ആശ്വാസകരമല്ല.
വയനാട്ടിൽ 2000 കോടിയിലേറെ നഷ്ടം സംഭവിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ, വയനാട് പാക്കേജ് ആവശ്യവുമായി പ്രിയങ്ക ഗാന്ധി ഇന്ന് കേന്ദ്രമന്ത്രി അമിത് ഷായെ കണ്ടു. യുഡിഎഫ്, എൽഡിഎഫ് എംപിമാർ പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. 2221 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് പാക്കേജിന്റെ വിശദാംശങ്ങൾ നാളെ നൽകാമെന്ന് അമിത് ഷാ അറിയിച്ചു. ഇതുവരെ സംസ്ഥാനത്തിന് നൽകിയ സഹായവും കേന്ദ്ര പരിഗണനയിലുള്ളതും നാളെ അറിയിക്കാമെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.