അഹമ്മദാബാദ്: ബെംഗളൂരുവിന് പുന്നാലെ ഗുജറാത്തിൽ എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. പനിയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടർന്ന്, അഹമ്മദാബാദ് ചന്ദഖേഡയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ രണ്ട് ദിവസം മുമ്പ് പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് പോസിറ്റീവ് ഫലം ലഭിച്ചത്.
സാമ്പിളുകൾ പുനെ ലാബിലേക്ക് അയച്ചിട്ടുണ്ട്. അവിടെനിന്ന് ഫലങ്ങൾ ലഭിച്ചതിന് ശേഷം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരണം നൽകും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അറിയിച്ചു. മാതാപിതാക്കൾ നിരീക്ഷണത്തിലാണ്. വിദേശ യാത്രകൾ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാന സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്, മാസ്ക് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ചൈനയിൽ ഹ്യൂമൻ മെറ്റാ ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ ബെംഗളൂരുവിൽ രണ്ട് കുഞ്ഞുങ്ങളിൽ ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചു. ബെംഗളുരുവിലെ യെലഹങ്കയിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയ എട്ടും മൂന്നും മാസം പ്രായമുള്ള ആൺകുഞ്ഞിനും പെൺകുഞ്ഞിനുമാണ് രോഗബാധ കണ്ടെത്തിയത്. യാത്രാപശ്ചാത്തലമില്ലാത്തതിനാൽ, ഇവർക്ക് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള രോഗബാധയില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐസിഎംആർ അറിയിച്ചു.
കഴിഞ്ഞവർഷം, ബ്രോങ്കോ ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടു. അഡ്മിറ്റ് ചെയ്ത കുഞ്ഞിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തതിന് ശേഷം വൈറസ് ബാധയുണ്ടായെന്ന് സ്ഥിരീകരിച്ചു. ജനുവരി 3-ന്, ഇതേ ആശുപത്രിയിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനും രോഗം സ്ഥിരീകരിച്ചു, ഈ കുഞ്ഞിനും ബ്രോങ്കോ ന്യുമോണിയയുണ്ടായിരുന്നു. രണ്ട് കുഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അവർ നിരീക്ഷണത്തിലാണെന്നും കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു.