ദില്ലി: ഇന്ത്യൻ ബഹിരാകാശ രംഗത്ത് പുതിയൊരു ചരിത്രം സൃഷ്ടിച്ചുകൊണ്ട് ‘പിക്സൽ സ്പേസ്’ എന്ന സ്റ്റാർട്ടപ്പ്, രാജ്യത്തെ ആദ്യ സ്വകാര്യ ഉപഗ്രഹ ശൃംഖല കഴിഞ്ഞ ദിവസം ബഹിരാകാശത്തിലേക്ക് എത്തിച്ചു. അമേരിക്കൻ സ്വകാര്യ സ്പേസ് കമ്പനിയായ സ്പേസ് എക്‌സാണ് ‘ഫയർഫ്ലൈ’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ശൃംഖലയിൽ മൂന്ന് അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങൾ ലോ-എർത്ത് ഓർബിറ്റിൽ വിന്യസിച്ചത്. ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും നൂതന ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഫയർഫ്ലൈയെ പിക്സൽ സ്പേസ് വിശേഷിപ്പിക്കുന്നു.
അമേരിക്കൻ സമയം ബുധനാഴ്‌ച, കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്‌സ് ബേസിൽ നിന്ന് സ്പേസ് എക്സ്-ന്റെ ശക്തമായ ഫാൽക്കൺ 9 റോക്കറ്റ് 131 പേലോഡുകളുമായി, അതിൽ ഇന്ത്യൻ ഉപഗ്രഹങ്ങൾ ഉൾപ്പെടുന്നു, കുതിച്ചുയർന്നു. “ട്രാൻസ്പോർട്ടർ-12” എന്ന പേരിൽ നടന്ന ഈ ദൗത്യത്തിൽ, ഇന്ത്യൻ സ്റ്റാർട്ടപ്പ് പിക്സൽ സ്പേസിന്റെ നിർമ്മിതമായ മൂന്ന് ഉപഗ്രഹങ്ങൾ ഉൾപ്പെടുന്നു. ഈ അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങൾ “ഫയർഫ്ലൈ” എന്ന പേരിലാണ് അറിയപ്പെടുന്നത്. ഹൈ-റെസലൂഷൻ ഹൈപ്പർസ്പെക്ട്രൽ ഇമേജിംഗ് സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ വലിയ മുന്നേറ്റമായി ഈ മൂന്ന് ഉപഗ്രഹങ്ങൾ കണക്കാക്കപ്പെടുന്നു. കൂടാതെ, ബഹിരാകാശ രംഗത്ത് ഇന്ത്യൻ സ്വകാര്യ കമ്പനികളുടെ സാന്നിധ്യം അറിയിക്കുന്നതിന്റെ സൂചനയുമാണ് ഇത്.
ഇന്ത്യയിലെ ആദ്യ സ്വകാര്യ ഉപഗ്രഹ ശൃഖലയായ ഫയർഫ്ലൈയുടെ മൂന്ന് ഉപഗ്രഹങ്ങൾ, മിയിലുള്ള മാറ്റങ്ങളും കാലാവസ്ഥാ വ്യതിയാനവും പഠിക്കാൻ സഹായിക്കുന്നു. ഭൗമ നിരീക്ഷണ രംഗത്ത് പുതിയ യുഗത്തിന്റെ തുടക്കം എന്ന് വിക്ഷേപണത്തെ പിക്സൽ സ്പേസ് സിഇഒ അവൈസ് അഹമ്മദ് വിശേഷിപ്പിച്ചു. “ഞങ്ങൾ കൃത്രിമ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. ഇതിനെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ഉന്മത്തരാവുന്നു. മൂന്ന് ഉപഗ്രഹങ്ങളും ഒരുമിച്ചാണ് കുതിച്ചത്. അത്ഭുതകരമായ പിക്‌സൽ സ്പേസ് ടീം ആദ്യമായി നിർമ്മിച്ച സാറ്റ്‌ലൈറ്റുകളാണ് ഇവ. ഇവരിൽ ഭൂരിഭാഗവും ആദ്യമായാണ് ഉപഗ്രഹങ്ങൾ നിർമ്മിക്കുന്നത്” എന്നും അവൈസ് അഹമ്മദ് കൂട്ടിച്ചേർന്നു.