രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ക്കെതിരെ നാട്ടുകൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം മണ്ണാർക്കാട് കോടതി അൻവറിനെതിരെ കേസെടുക്കാൻ നാട്ടുകൽ എസ് എച്ച് ഒയ്ക്ക് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 153 എ(1) ( രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്‌പർദ്ധയുണ്ടാക്കൽ) വകുപ്പ്, ജനപ്രാധിനിത്യ നിയമ വകുപ്പ് 125 ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്‌പർദ്ധയുണ്ടാക്കൽ ജാമ്യമില്ലാ വകുപ്പാണ്.
പാലക്കാട്ടെ എടത്തനാട്ടുകാരയിൽ തെരഞ്ഞെടുപ്പ് റാലിയിലാണ് അൻവറിന്റെ വിവാദമായ ഡിഎൻഎ പരാമർശമുണ്ടായത്. രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാൻ ഉള്ള അർഹതയില്ലെന്നായിരുന്നു അൻവറിന്റെ പരാമർശം. ജനങ്ങൾ ആലോചിക്കേണ്ട വിഷയമാണിത്, അത് ജനങ്ങൾ കൃത്യമായി ആലോചിക്കുമെന്നും പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി ഇ.ഡി. വേട്ടയാടുമ്പോഴാണ് മുഖ്യമന്ത്രിയെ ഇ.ഡി അറസ്റ്റ് ചെയ്യാത്തതിൽ രാഹുൽ ഗാന്ധി അസ്വസ്ഥനാകുന്നതെന്ന് പി.വി അന്‍വര്‍ പറഞ്ഞിരുന്നു. പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധം കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയതോടെ രാഹുലിനെ വീണ്ടും വിമര്‍ശിച്ച് പി.വി അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു.