ലണ്ടന്‍: ഐപിഎല്ലില്‍ നിറം മങ്ങുകയും ഇന്ത്യന്‍ ടീമില്‍ നിന്ന് തുടര്‍ച്ചയായി തഴയപ്പെടുകയും ചെയ്തതോടെ ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ പോയ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷാ ക്രിക്കറ്റില്‍ അപൂര്‍വമായ രീതിയില്‍ പുറത്തായി. റോയല്‍ വണ്‍ഡേ കപ്പ് ഏകദിന ടൂര്‍ണമെന്‍റില്‍ നോര്‍ത്താംപ്റ്റണ്‍ഷെയറിനായാണ് പൃഥ്വി ഷാ കളിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗ്ലൗസെസ്റ്റര്‍ഷെയറിനെതിരെ നടന്ന മത്സരത്തിലാണ് 35 35 പന്തില്‍ 34 റണ്‍സെടുത്ത് വിക്കറ്റിന് മുകളില്‍ വീണ് ഹിറ്റ് വിക്കറ്റായി പുറത്തായത്.
279 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ നോര്‍ത്താംപ്റ്റണ്‍ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. 30 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. നോര്‍ത്താംപ്റ്റണിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത പൃഥ്വിയും ആറാമനായി ക്രീസിലെത്തിയ ലൂയിസ് മക്‌മാനസും ചേര്‍ന്ന് അവരെ 50 കടത്തിയെങ്കിലും പിന്നാലെ മക്കീരന്‍റെ ബൗണ്‍സറില്‍ പൃഥ്വി വീണതോടെ നോര്‍ത്താംപ്റ്റണ്‍ 54-6ലേക്ക് കൂപ്പുകുത്തി.
മക്കീരന്‍റെ ബൗണ്‍സര്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ച പൃഥ്വി ഷാ നിയന്ത്രണം നഷ്ടമായി വീഴുകയും സ്റ്റംപിളകി ബെയ്ല്‍സ് താഴെ വീഴുകയുമായിരുന്നു. പൃഥ്വി ഷാ പുറത്തായശേഷം ക്രീസിലെത്തിയ ടോം ടെയ്‌ലര്‍ 88 പന്തില്‍ 112 റണ്‍സടിച്ച് നോര്‍ത്താംപ്റ്റണിന് വിജയ പ്രതീക്ഷ നല്‍കിയിരുന്നു. ടെയ്‌ലറും മക്‌മാനസും(54) ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയെങ്കിലും മക്‌മാനസ് പുറത്തായശേഷം ജാക്ക് വൈറ്റ്(29) മാത്രമെ പിന്തുണ നല്‍കിയുള്ളു.
48.1 ഓവറില്‍ 255 റണ്‍സിന് പുറത്തായ നോര്‍ത്താംപ്റ്റണ്‍ 23 റണ്‍സിന് മത്സരം തോറ്റു. നാലു വിക്കറ്റ് വീതം വീഴ്ത്തിയ ടോം പ്രൈസും അജീത് ഡെയ്‌ലുമാണ് നോര്‍ത്താംപ്റ്റണിനെ എറിഞ്ഞിട്ടത്. റോയല്‍ വണ്‍ഡേ കപ്പില്‍ പൃഥ്വി ഷായുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്.