കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പില്‍ ഫൈനലില്‍ ഇന്ത്യയുടെ തോല്‍വിക്ക് ശേഷം ടി20 മത്സരങ്ങള്‍ക്ക് പരിഗണിക്കരുതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു. പിന്നീട് സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ നയിച്ചിരുന്നത്. ഏകദിന ലോകകപ്പിന് മുമ്പ് ടി20 മത്സരങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യയെ നയിക്കുകയുണ്ടായി. ടി20 ടീമിന്റെ ഭാവി ക്യാപ്റ്റനായി പരിഗണിക്കപ്പെടുന്നതും ഹാര്‍ദിക്കിനെ തന്നെ. എന്നാല്‍ മറ്റൊരു ടി20 ലോകകപ്പ് മുന്നിലെത്തിയപ്പോള്‍ രോഹിത്തിനെ വീണ്ടും ക്യാപ്റ്റനാക്കി. ഹാര്‍ദിക്കിനെ വൈസ് ക്യാപ്റ്റനാക്കുകയായിരുന്നു. ഇപ്പോള്‍ രോഹിത്തിനെ വീണ്ടും നായകനാക്കുള്ള കാരണത്തെ കുറിച്ച് സംസാരിക്കുകയാണ് ബിസിസിഐ ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍.
ഹാര്‍ദിക്കിനെ നായക സ്ഥാനത്ത് നിന്ന് മാറ്റിയതിനെ കുറിച്ച് അഗാര്‍ക്കര്‍ വ്യക്തമാക്കിയതിങ്ങനെ… ”പ്രധാന ടൂര്‍ണമെന്റുകളില്‍ പരിചയസമ്പന്നായ ക്യാപ്റ്റനെ ലഭിക്കണം. ശരിയാണ് ഹാര്‍ദിക് പാണ്ഡ്യ മുമ്പും ഇന്ത്യയെ നയിച്ചിട്ടുണ്ട്. എന്നാല്‍ ഏകദിന ലോകകപ്പിലെ ഫോം ക്യാപ്റ്റന്‍സിയും നോക്കുമ്പോള്‍ രോഹിത്തിലേക്ക് തന്നെ പോവേണ്ടിവന്നു. എന്നാല്‍ വൈസ് ക്യാപ്റ്റന്‍സിയെ കുറിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ഹാര്‍ദിക്കിന് പകരം മറ്റൊരാളെ കൊണ്ടുവരിക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരു നേതാവെന്ന നിലയിലും ഓള്‍റൗണ്ടറെന്ന നിലയിലും അങ്ങനെതന്നെ കാര്യങ്ങള്‍.” അഗാര്‍ക്കര്‍ പറഞ്ഞു.
കെ എല്‍ രാഹുലിനെ മറികടന്ന് സഞ്ജു സാംസണ്‍ എങ്ങനെ ടീമിലെത്തിയെന്നതിനെ കുറിച്ചും അഗാര്‍ക്കര്‍ സംസാരിച്ചു. ”ഐപിഎല്ലില്‍ രാഹുല്‍ ഓപ്പണറായിട്ടാണ് കളിക്കുന്നത്. അദ്ദേഹത്തെ ഏല്‍പ്പിക്കുന്ന ജോലി ഗംഭീരമായി പൂര്‍ത്തിയാക്കുന്നുമുണ്ട്. ഞങ്ങള്‍ പ്രധാനമായും മധ്യനിരയിലേക്കുള്ള താരങ്ങളെയാണ് തിരഞ്ഞിരുന്നത്. അതും വിക്കറ്റ് കീപ്പറായിരിക്കണം. അവസാനം വരെ ബാറ്റ് വീശാനും ഫിനിഷിംഗ് കഴിവുള്ള താരങ്ങളേയുമാണ് നോക്കിയത്. അതുകൊണ്ടുതന്നെ സഞ്ജുവും റിഷഭ് പന്തും അതിന് അനുയോജ്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നി. ബാറ്റിംഗ് നിരയില്‍ എവിടെ വേണമെങ്കിലും സഞ്ജുവിന് ബാറ്റ് ചെയ്യാനാവും. എന്താണ് നമ്മുടെ ആവശ്യം എന്നതിന് അനുസരിച്ചാണ് ടീം തെരഞ്ഞെടുത്തത്.” അഗാര്‍ക്കര്‍ പറഞ്ഞു.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
ട്രാവലിംഗ് റിസേര്‍വ്‌സ്: ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍.