സന്‍ഫ്രാന്‍സിസ്കോ: പേര് മാറ്റിയതിന് പിന്നാലെ ആപ്പിൽ വമ്പൻ മാറ്റങ്ങൾ വരുത്തി ‘എക്സ്’ തലവൻ എലോൺ മസ്ക്. ആൻഡ്രോയിഡിന് വേണ്ടിയുള്ള എക്സിന്റെ പുതിയ ബീറ്റാപതിപ്പിൽ ഉപയോക്താക്കൾ കാലങ്ങളായി ഉപയോഗിച്ചുവരുന്ന പ്രധാനപ്പെട്ട ഫീച്ചറുകളുടെ പേരുകൾ മാറ്റിയിരിക്കുകയാണ് ഇപ്പോൾ.നേരത്തെ ഷെയർ കാര്യങ്ങൾ ട്വീറ്റുകള് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
ഇനി മുതൽ അവ പോസ്റ്റുകൾ എന്ന പേരിലാകും അറിയപ്പെടുന്നത്. റീട്വീറ്റുകൾ റീപോസ്റ്റുകളായും മാറും. അതിന്റെ ഭാഗമായി ‘എക്സ്’ വെബ്സൈറ്റിൽ നിന്നും ആപ്പിൾ നിന്നും ‘ട്വീറ്റ് ബട്ടൺ’ മാറ്റി അവിടെ ‘പോസ്റ്റ്’ എന്ന് ചേർത്തിരിക്കുകയാണ് ഇപ്പോൾ.സാൻഫ്രാൻസിസ്കോയിലെ ഓഫീസ് കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച “എക്സ്” ചിഹ്നത്തിൽ തൊഴിലാളികൾ ലൈറ്റിംഗ് സ്ഥാപിക്കുകയാണ് നിലവിൽ.
ട്വിറ്റിനെ പോസ്റ്റ് എന്നാക്കിയതിന് എതിരെ വലിയ രീതിയിലുള്ള പരാമർശങ്ങളാണ് ഉയരുന്നത്. ഇത് ആപ്പിന്റെ പരാജയത്തിന് കാരണമാകുമെന്ന് ആരോപിക്കുന്നവരും ചുരുക്കമല്ല. കഴിഞ്ഞ ദിവസം ട്വിറ്ററിന്റെ പേര് റീബ്രാൻഡ് ചെയ്തതിന് പിന്നാലെ പ്ലാറ്റ്ഫോമിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവുണ്ടായെന്ന വിവരം മസ്ക് പങ്കുവെച്ചിരുന്നു.
കമ്പനി ഉടമയായ മസ്ക് തന്നെയായിരുന്നു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 54.15 കോടിയിലേറെ ഉപഭോക്താക്കളെ എക്‌സിന് ലഭിച്ചുവെന്നാണ് മസ്ക് ട്വിറ്റ് ചെയ്തിരിക്കുന്ന ഗ്രാഫിലെ കണക്കുകൾ വ്യക്തമാക്കുന്നത്. കമ്പനിയുടെ പേരിലെ മാറ്റവും ലോഗോയും വിവാദത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് ഇത്. കഴിഞ്ഞ ദിവസമാണ് ട്വിറ്ററിനെ പുതിയ രൂപത്തിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ അവതരിപ്പിച്ചത്. എക്സ് എന്ന പേരിലും അതെ അക്ഷരത്തിന്റെ ലോഗോയിലുമാണ് ആപ്പ് ഇപ്പോൾ ലഭ്യമാകുന്നത്.
അതെസമയം ത്രെഡ്സിന് അതിന്റെ പകുതിയോളം ഉപയോക്താക്കൾ കുറഞ്ഞതായി മെറ്റാ തലവൻ മാർക്ക് സക്കർബർഗ് വെളിപ്പെടുത്തിയിരുന്നു. ലോഞ്ച് ചെയ്ത് ഏകദേശം അഞ്ച് ദിവസത്തിനുള്ളിൽ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ സ്വന്തമാക്കിയ ആപ്പായിരുന്നു ത്രെഡ്സ്. ഇതൊരു സാധാരണ സ്ഥിതിയാണെന്നായിരുന്നു ഇത് സംബന്ധിച്ച സക്കർബർഗിന്റെ പ്രതികരണം. പുതിയ ഫീച്ചറുകൾ ആപ്പിൽ ചേർത്തിരിക്കുന്നതിനാൽ വൈകാതെ പ്രവർത്തനം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും സക്കർബർഗ് പറഞ്ഞു.