ധനുഷിന്റെ ആരാധകര്‍ക്ക് വളരെ പ്രതീക്ഷ നൽകുന്ന ചിത്രമാണ് ‘ക്യാപ്റ്റൻ മില്ലെര്‍’. ഇപ്പോഴിതാ ‘ക്യാപ്റ്റൻ മില്ലര്‍’ എന്ന ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്തു വന്നിരിക്കുകയാണ്. റഷ്യന്‍ വിപ്ലവത്തിന്‍റെ നേതാവ് ലെനിന്‍റെ പടവും, അരിവാള്‍ ചുറ്റിക ചിഹ്നത്തിനും അടുത്തായി ഒരു ഉടുക്കുമായി ധനുഷ് നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിലെ ഗാനം ഉടന്‍ എത്തുമെന്നാണ് വിവരം.
അരുണ്‍ മതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്യാപ്റ്റൻ മില്ലര്‍’. അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റേതായി ആദ്യം പുറത്തെത്തുന്നത് ഒരു വിപ്ലവ ഗാനം ആയിരിക്കും എന്നാണ് സൂചന. ജിവി പ്രകാശ് കുമാറാണ് ക്യാപ്റ്റന്‍ മില്ലറിന്‍റെ സംഗീതം.
അതേ സമയം നേരത്തെ വന്യമൃഗങ്ങൾക്ക് പ്രശ്‌നമുണ്ടാക്കുന്ന തരത്തിൽ സിനിമയുടെ ചിത്രീകരണം നടത്തുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. കലക്കാട് മുണ്ടത്തുറൈ ടൈഗര്‍ റിസര്‍വില്‍ അല്ല ‘ക്യാപ്റ്റൻ മില്ലര്‍’ ചിത്രീകരിച്ചത് എന്നും ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ചിത്രീകരിച്ചതെന്നും അനുവാദം വാങ്ങിച്ചിരുന്നുവെന്നും അരുണ്‍ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നു.
സത്യ ജ്യോതി ഫിലിംസിന്‍റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.