കാതല്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി ഒരിക്കല്‍ക്കൂടി പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ എത്തുകയാണെന്ന് ജൂറി അംഗം കെ പി വ്യാസന്‍. മമ്മൂട്ടി എന്ന നടനും, കാതല്‍ എന്ന ചിത്രവും പ്രേക്ഷകരെ ശരിക്കും അമ്പരപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ”ഒരു കാര്യം ഉറപ്പിച്ചു പറയാം കാതല്‍ എന്ന ചിത്രവും മമ്മൂട്ടി എന്ന നടനും പ്രേക്ഷകരെ ശരിക്കും അമ്പരപ്പിക്കും. അതുതന്നെയാണ് ഈ ഫെസ്റ്റിവലിന്റെ സര്‍പ്രൈസ്’ – കെ പി വ്യാസന്‍ പറഞ്ഞു. മമ്മൂട്ടി- ജിയോ ബേബി ചിത്രമായ കാതലിന്റെ ആദ്യ പ്രദര്‍ശനം ഇന്ത്യന്‍ പനോരമയില്‍ ആയിരിക്കും നടക്കുക.
മലയാള സിനിമകളെ ജൂറി ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇത്തവണ 25 സിനിമകള്‍ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ ഏഴു സിനിമകള്‍ മലയാളത്തില്‍ നിന്നാണെന്നതില്‍ അഭിമാനമുണ്ടെന്നും വ്യാസന്‍ പറയുന്നു. പുതുമുഖമായ ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ‘ആട്ടം’ എന്ന ചിത്രമാണ് ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രം. ഇത് മലയാള സിനിമയ്ക്ക് കിട്ടിയ അംഗീകാരം തന്നെയാണ്. മലയാള സിനിമകള്‍ക്ക് കിട്ടുന്ന അംഗീകാരങ്ങള്‍ ആരും വെറുതെ തരുന്നതല്ല. അത് സിനിമാപ്രവര്‍ത്തകരുടെ ആത്മാര്‍ഥമായ ശ്രമത്തിന്റെ ഫലമായാണെന്നും വ്യാസന്‍ കൂട്ടിച്ചേര്‍ത്തു.