തെന്നിന്ത്യയൊട്ടാകെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. പറവ ഫിലിംസിന്റെ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പോലീസ് കേസെടുത്തത്.
മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമാണത്തിന് ഏഴു കോടി രൂപ മുതൽ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നൽകാതെ വഞ്ചിച്ചു എന്നാണ് ഇയാൾ നൽകിയ പരാതി. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളിലായി ഐപിസി 120 ബി, 406, 420, 468, 34 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.