കൊച്ചി: ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ എന്ന ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോ, പേ ടിഎം, ടിക്കറ്റ് ന്യൂ തുടങ്ങിയ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പുകൾ വഴി ടിക്കറ്റുകൾ മുൻകൂറായി ബുക്ക് ചെയ്യാം. 2025 ജനുവരി 30-നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ഈ ചിത്രം, ജി ആർ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് ചിത്രത്തിന്റെ തിരക്കഥ എഴുതിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഡ്രാമ ത്രില്ലർ സ്വഭാവത്തിൽ കഥ പറയുന്ന ഒരു ചിത്രമാണെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. ബേസിൽ ജോസഫ് ശൈലിയിലുള്ള ലഘു നർമ്മ മുഹൂർത്തങ്ങൾക്കൊപ്പം ത്രില്ലർ, ഡ്രാമ, ആക്ഷൻ എന്നീ ഘടകങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയ്‌ലർ വ്യക്തമാക്കുന്നു.
പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ജ്യോതിഷ് ശങ്കർ ഈ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. സെൻസറിങ് പൂർത്തിയായ ശേഷം യു എ സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. അജേഷ് എന്ന നായക കഥാപാത്രമായി ബേസിൽ ജോസഫ് വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ, സ്റ്റെഫി എന്ന നായികയായി ലിജോമോൾ ജോസ്, മരിയൻ ആയി സജിൻ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.