അവാക്കാഡോ പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം. അവോക്കാഡോയിൽ കാണപ്പെടുന്ന നാരുകളുടെയും അപൂരിത കൊഴുപ്പും പ്രമേഹ സാധ്യത കുറയ്ക്കുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. അക്കാഡമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
അവാക്കാഡോ കഴിക്കുന്ന സ്ത്രീകൾക്ക് (30-38 ഗ്രാം/ദിവസം) പ്രമേഹം വരാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി. ധാരാളം വിറ്റാമിനുകളും ധാതുക്കളും ഫൈറ്റോ ന്യൂട്രിയൻ്റുകളും അവാക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. നാരുകളുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
അവാക്കാഡോ ഭക്ഷണം കഴിച്ചതിനുശേഷം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ ദ്രുതഗതിയിലുള്ള വർദ്ധനവ് തടയുകയും ചെയ്യുന്നതായി ഡയറ്റീഷ്യനും പബ്ലിക് ഹെൽത്ത് ഡോക്ടറുമായ വെൻഡി ബാസിലിയൻ പറഞ്ഞു.
പ്രമേഹവും ഹൃദ്രോഗവും തമ്മിൽ അടുത്ത ബന്ധമുണ്ട്. കാരണം അവയുടെ അപകട ഘടകങ്ങൾ സമാനമാണ്. അവാക്കാഡോ ഒരു ഹൃദയാരോഗ്യകരമായ ഭക്ഷണമാണ്. അവാക്കാഡോയിൽ കാണപ്പെടുന്ന അപൂരിത കൊഴുപ്പും നാരുകളും നല്ല കൊളസ്ട്രോളിൻ്റെ അളവ് നിലനിർത്താൻ സഹായിക്കും. തുടർന്ന് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നതായി ബാസിലിയൻ പറഞ്ഞു.
അവാക്കാഡോയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്തുക ചെയ്യുന്നു. കൂടാതെ, അവാക്കാഡോകളിൽ വിറ്റാമിൻ കെ, ഇ, സി, വിവിധ ബി വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അവ രോഗപ്രതിരോധ പ്രവർത്തനം, അസ്ഥികളുടെ ആരോഗ്യം, ചർമ്മത്തിന്റെ ആരോഗ്യം, വൈജ്ഞാനിക പ്രവർത്തനം എന്നിവയിൽ സുപ്രധാന പങ്ക് വഹിക്കുന്നു.