നടുറോഡില്‍ മേയര്‍ ആര്യാ രാജേന്ദ്രനോട് തര്‍ക്കിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കേണ്ടെന്ന നിര്‍ദേശം ഡ്രൈവര്‍ യദുവിന് ലഭിച്ചു. ഡിടിഒ യുടെ മുന്നില്‍ ഹാജരാകണമെന്നും അറിയിച്ചിട്ടുണ്ട്.
എന്നാൽ ഡ്രൈവര്‍ക്കെതിരെ ഉടന്‍ അച്ചടക്ക നടപടിയെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ഗതാഗത മന്ത്രി. വിഷയത്തില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമേ നടപടിയുണ്ടാകൂ. ഡ്രൈവറില്‍ നിന്ന് വിശദമായ മൊഴിയെടുക്കുന്നതിന് വേണ്ടിയാണ് ഡിടിഒയെ കാണാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് വിവരം.
ശനിയാഴ്ച രാത്രി 9.45ന് തിരുവനന്തപുരം പാളയത്ത് വച്ചായിരുന്നു മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടി.സി ഡ്രൈവറും തമ്മില്‍ വാക്കുതർക്കമുണ്ടായത്. മേയർക്കൊപ്പം ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും വാഹനത്തിലുണ്ടായിരുന്നു.
ശനിയാഴ്ച രാത്രിതന്നെ മേയര്‍ പോലീസിൽ പരാതി നല്‍കിയിരുന്നു. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിനെതിരെയാണ് പരാതി. മേയര്‍ക്കും എംഎല്‍എ സച്ചിന്‍ദേവിനുമെതിരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതിനും കേസുണ്ട്. സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവര്‍ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു.
ആര്യ രാജേന്ദ്രന്റെ ഒപ്പമുള്ളവർ തന്നെ അസഭ്യം പറഞ്ഞുവെന്ന് ഡ്രൈവര്‍ യദു ആരോപിച്ചിരുന്നു. മേയറാണെന്ന് അറിയാതെയാണ് ആര്യയുമായി തർക്കിച്ചത്. അവർ ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു. സ്ഥലം ഇല്ലാത്തത് കൊണ്ടാണ് കടത്തി വിടാതിരുന്നതെന്നും പിഎംജിയിലെ വണ്‍വേയില്‍ അവർക്ക് ഓർടേക്ക് ചെയ്യാൻ സ്ഥലം നൽകാൻ സാധിക്കില്ലായിരുന്നുവെന്നുമാണ് സംഭവത്തെക്കുറിച്ച് ഡ്രൈവർ യദു വിശദീകരിച്ചത്.
വിഷയത്തില്‍ ബസിലെ യാത്രക്കാരുടെ മൊഴികളും കെഎസ്ആര്‍ടിസി അധികൃതർ എടുത്തിട്ടുണ്ട്. ഡ്രൈവറിന് അനുകൂലമായാണ് യാത്രക്കാരുടെ മൊഴിയെന്നാണ് സൂചന. ബസില്‍ നിന്ന് എംഎല്‍എ യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം യാത്രക്കാരും ശരിവെച്ചിട്ടുണ്ട്.