മുൻ കാമുകിയെലണ്ടനിലെറെസ്റ്റോറന്റിൽ വച്ച് കുത്തി പരിക്കേൽപ്പിച്ച കേസിൽ പിടിയിലായ ഹൈദരാബാദ് സ്വദേശി ശ്രീറാം അംബർളയ്ക്കെതിരെ (25) കൂടുതൽ തെളിവുകളുമായി അന്വേഷണ സംഘം. ഒരാളെ എങ്ങനെ എളുപ്പത്തിൽ കുത്തി കൊല്ലാം എന്നുള്ള കാര്യങ്ങൾ ഉൾപ്പെടെ പ്രതി ഓൺലൈനിൽ തിരഞ്ഞതായി അധികൃതർ കണ്ടെത്തി. മുൻ കാമുകിയായ സോന ബിജു (23) ജോലി ചെയ്യുന്ന ലണ്ടനിലെ റെസ്റ്റോറന്റിൽ എത്തി തന്നെ വിവാഹം കഴിക്കാൻ തയ്യാറായില്ലെങ്കിൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി നിമിഷങ്ങൾക്കകമാണ് ശ്രീറാം സോനയെ ആക്രമിച്ചത്.
സംഭവത്തിൽ കുറ്റക്കാരനായി കണ്ടെത്തിയ ശ്രീറാമിന് കോടതി 16 വർഷം തടവ് ശിക്ഷ വിധിച്ചു. സോനയെ ആക്രമിക്കുന്നതിന് മുൻപ് “യുകെയിൽ വച്ച് ഒരു വിദേശി ആരെയെങ്കിലും കൊലപ്പെടുത്തിയാൽ എന്ത് സംഭവിക്കും”, “കത്തികൊണ്ട് ഒരാളെ കൊല്ലുന്നത് എളുപ്പമാണോ”, “ഒരാളെ കത്തികൊണ്ട് എങ്ങനെ കൊല്ലാം” തുടങ്ങിയ കാര്യങ്ങൾ ശ്രീറാം ഓൺലൈനിൽ തിരഞ്ഞതായി കണ്ടെത്തിയെന്ന് വിചാരണ വേളയിൽ അധികൃതർ കോടതിയെ അറിയിച്ചു. 2017 ൽ ഹൈദരാബാദിലെ കോളേജിൽ വച്ചാണ് ശ്രീറാമും സോനയും പരിചയപ്പെടുന്നത്.
തുടർന്ന് പ്രണയത്തിലായ ഇരുവരും 2019 ലാണ് വേർ പിരിഞ്ഞത്. ഇക്കാലയളവിൽ പലതവണ ശ്രീറാം തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതായി സോന പോലീസിന് മൊഴി നൽകിയിരുന്നു. ഈസ്റ്റ് ലണ്ടൻ സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടുന്നതിനായാണ് 2022ൽ ഇരുവരും യുകെയിൽ എത്തിയത്. അതിന് ശേഷവും ശ്രീറാം ബന്ധത്തിൽ നിന്നും പിന്മാറാൻ തയ്യാറായില്ലെന്നും സ്വയം മുറിവേൽപ്പിക്കാൻ ശ്രമിച്ചിരുന്നതായും വീട്ടിൽ വരെ വന്ന് വിവാഹം കഴിക്കാൻ ഭീഷണിപ്പെടുത്തിയിരുന്നതായും സോന പറഞ്ഞു.
റെസ്റ്റോറന്റിൽ ജോലിക്ക് കയറിയതിന് ശേഷം സോനയുമായി സംസാരിക്കുന്നതിനായി ഭക്ഷണം ഓർഡർ ചെയ്യാനെന്ന വ്യാജേന പലപ്പോഴും ശ്രീറാം റെസ്റ്റോറന്റിലേക്ക് വിളിച്ചിരുന്നു. അതേസമയം, വേർപിരിയൽ ആഘോഷിക്കുമെന്ന് സോന പറഞ്ഞതാണ് താൻ ആക്രമിയ്ക്കാനുണ്ടായ കാരണമെന്ന് ശ്രീറാം പറഞ്ഞു. റെസ്റ്റോറന്റിൽ എത്തി നടത്തിയ വിവാഹ വാഗ്ദാനം സോന നിരസിച്ച് നിമിഷങ്ങൾക്കകമാണ് കത്തികൊണ്ട് ശ്രീറാം സോനയെ കുത്തിയത്. ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ സോന അപകടനില തരണം ചെയ്തിരുന്നു.