കനത്തമഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പ്രവർത്തനം തടസ്സപ്പെട്ട ദുബായ് വിമാനത്താവളത്തിൽ ഇന്ത്യയിൽ നിന്ന് എത്തിച്ചേരുന്ന വിമാനങ്ങളുടെ എണ്ണത്തിൽ ക്രമീകരണം വരുത്തി. തങ്ങളുടെ വിമാനങ്ങളുടെ എണ്ണം അധികൃതരുടെ നിർദേശപ്രകാരം പകുതിയായി കുറച്ചെന്ന് എയർ ഇന്ത്യ എക്‌സ്‍പ്രസ് അറിയിച്ചു.
ദുബായ് വിമാനത്താവള അധികൃതരുടെ നിര്‍ദേശപ്രകാരം വിമാനങ്ങളുടെ എണ്ണത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും ഇന്ത്യയില്‍ നിന്ന് ഷെഡ്യൂള്‍ ചെയത വിമാനങ്ങളുടെ എണ്ണം പകുതിയായി കുറച്ചതായും എയര്‍ ഇന്ത്യ എക്‌സ്‍പ്രസ് അധികൃതര്‍ മാധ്യമങ്ങളോട് പത്രക്കുറിപ്പിൽ അറിയിച്ചു. ‘‘ഷെഡ്യൂള്‍ ചെയ്ത കപ്പാസിറ്റി 50 ശതമാനമായി നിലനിര്‍ത്തണമെന്നാണ് അവര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം ദുബായിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങളുടെ എണ്ണത്തില്‍ ക്രമീകരണം വരുത്തിയിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ ഞങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. ദുബായിയെയും ഇന്ത്യയിലെ വിവിധ നഗരങ്ങളെയും ബന്ധിപ്പിക്കുന്ന 84 പ്രതിവാര വിമാനങ്ങളുടെ പ്രവര്‍ത്തനവും വൈകാതെ പഴയനിലയിലേക്കാകുമെന്ന് കരുതുന്നു. ഇതിനുള്ള അനുമതിക്കായും കാത്തിരിക്കുകയാണ്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നു. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മുഴുവനായും തിരിച്ചു നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും,‘‘എയര്‍ ഇന്ത്യ എക്‌സ്‍പ്രസ് അറിയിച്ചു.
ചൊവ്വാഴ്ച അപ്രതീക്ഷിതമായെത്തിയ കാറ്റിലും കനത്ത മഴയിലും ദുബായ് നഗരത്തിലെ ഷോപ്പിംഗ് മാളുകള്‍, സബ് വേകള്‍, വിമാനത്താവളം, മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വെള്ളം കയറിയത് വാര്‍ത്തയായിരുന്നു.
മഴയ്ക്കും കാറ്റിനും പുറമെ ശക്തമായ ഇടിമിന്നലും ഇവിടെ അനുഭവപ്പെട്ടിരുന്നു. യുഎഇയുടെ കിഴക്കന്‍ തീരത്തുള്ള ഈ എമിറേറ്റില്‍ ചൊവ്വാഴ്ച 145 മില്ലിമീറ്റര്‍(5.7 ഇഞ്ച്) മഴ പെയ്തു.
കഴിഞ്ഞ 75 വര്‍ഷത്തിനിടെ രാജ്യത്ത് പെയ്ത ഏറ്റവും വലിയ മഴയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കനത്തമഴയില്‍ ഷാര്‍ജ സിറ്റി സെന്ററിലും ഡെയ്റ സിറ്റി സെന്ററിലും കേടുപാടുകള്‍ സംഭവിച്ചിരുന്നു. വിമാനത്താവളങ്ങളില്‍ വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ ടാക്സിവേകളില്‍ വെള്ളം കയറി. വെള്ളം കയറി വിമാനത്താവളത്തിന് ചുറ്റുമുള്ള റോഡുകള്‍ മുങ്ങിയതോടെ യാത്രക്കാര്‍ ടെര്‍മിനലുകളില്‍ എത്തിച്ചേരാന്‍ പാടുപെട്ടു. ചില റോഡുകളില്‍ വളരെയധികം ഉയരത്തില്‍ വെള്ളം കയറിയതിനാല്‍ വാഹനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ യാത്രക്കാര്‍ ബുദ്ധിമുട്ട് നേരിട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് 1244 വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ വരെ 41 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി ദുബായ് വിമാനത്താവള വക്താവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.
75 വര്‍ഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴയെത്തുടര്‍ന്നാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടത്. എയര്‍ പോര്‍ട്ടിലെ ടെര്‍മിനല്‍ വണ്ണിന്റെ പ്രവര്‍ത്തനം ഭാഗികമായി പുനസ്ഥാപിച്ചതായി പിന്നീട് എയര്‍പോര്‍ട്ട് അധികൃതര്‍ വിവരം നല്‍കിയിരുന്നു.