കിടപ്പിലായ വൃദ്ധന്റെ വോട്ട് രേഖപ്പെടുത്താന്‍ കൊടുങ്കാട്ടിലൂടെ കിലോമീറ്ററോളം സഞ്ചരിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. ഇടുക്കിയിലെ ഇടമലക്കുടിയിലുള്ള ഗോത്ര ഗ്രാമത്തിലെ തൊണ്ണൂറുകാരനായ വൃദ്ധന്റെ വോട്ട് രേഖപ്പെടുത്താനാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇത്രയധികം ദൂരം സഞ്ചരിച്ചത്. കാട്ടിലൂടെ ഏകദേശം 18 കിലോമീറ്റർ ദൂരമാണ് ഉദ്യോഗസ്ഥര്‍ യാത്ര ചെയ്തത്. 92 കാരനായ ശിവലിംഗമാണ് വോട്ട് രേഖപ്പെടുത്തിയത്. ഈ പ്രായത്തിലും വോട്ട് ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹമിപ്പോള്‍.
വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ ഉള്ളത് കൊണ്ട് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഇദ്ദേഹം ഉപയോഗപ്പെടുത്തുകയായിരുന്നു. വോട്ട് രേഖപ്പെടുത്താനായി ജില്ലാ തെരഞ്ഞെടുപ്പ് ഡിപ്പാര്‍ട്ട്‌മെന്റ് അനുവദിച്ച ഉദ്യോഗസ്ഥര്‍ എത്തുന്നതും കാത്തിരിക്കുകയായിരുന്നു ശിവലിംഗം. തുടര്‍ന്നാണ് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ 9 പേരടങ്ങുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിന്റെ വീട്ടിലേക്കെത്തിയത്.
അതിരാവിലെ മൂന്നാറില്‍ നിന്ന് പുറപ്പെട്ട സംഘം ഇരവികുളം നാഷണല്‍ പാര്‍ക്ക് വഴി ഇടമലക്കുടിയിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് കിലോമീറ്ററോളം കാല്‍നടയായി നടന്നാണ് ശിവലിംഗത്തിന്റെ വീട്ടിലെത്തിയത്.
ശിവലിംഗത്തിന്റെ വീട്ടിലെത്തി കൃത്യമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ഇദ്ദേഹത്തിന്റെ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. വോട്ട് രേഖപ്പെടുത്താന്‍ എത്തിയ സംഘത്തെ ശിവലിംഗവും ബന്ധുക്കളും ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.
ഇടമലക്കുടി പോലെ ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിലേക്ക് തെരഞ്ഞെടുപ്പ് സേവനങ്ങള്‍ എത്തിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിജ്ഞാബദ്ധരാണെന്ന് ജില്ലാ കളക്ടര്‍ ഷീബ പറഞ്ഞു. സാഹസിക യാത്ര നടത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ സംഘത്തെ ആദരിക്കുമെന്ന് ദേവികുളം സബ്കളക്ടര്‍ വിഎം ജയകൃഷ്ണനും പറഞ്ഞു.