സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിച്ച ശേഷം പണവുമായി മുങ്ങിയ കോയമ്പത്തൂർ സ്വദേശിയെ തേടി പൊലീസ്. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി പ്രേംകുമാർ (50) ആണ് വിദേശ വനിതയെ പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ കുമളി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് 39 കാരിയായ ചെക്കോസ്ലോവാക്യൻ യുവതി.
പ്രേംകുമാർ പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു. പ്രേംകുമാർ കഴിഞ്ഞ ഡിസംബർ മുതലാണ് യുവതിയുമായി ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് വാട്സാപ്പ് ചാറ്റിലൂടെ ഇയാള്‍ വിദേശ വനിതയെ ദക്ഷിണേന്ത്യ സന്ദർശിക്കാൻ ക്ഷണിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ12ന് യുവതി കൊച്ചിയിലെത്തി.
അവിടെ നിന്ന് സ്വന്തം കാറില്‍ പ്രേംകുമാർ യുവതിയെ സ്വീകരിച്ച് താമസിക്കാൻ ചെറായിയിലുള്ള റിസോർട്ടില്‍ കൊണ്ട് പോവുകയും അവിടെ വെച്ച് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ഇന്ത്യയില്‍ മറ്റാരെയും പരിചയമില്ലാതിരുന്ന യുവതിക്ക് ഈ സംഭവം മറ്റാരുടെയും ശ്രദ്ധയില്‍പ്പെടുത്താനോ പൊലീസില്‍ പരാതി നല്‍കാനോ സാധിച്ചില്ല. തുടർന്ന് ഇയാള്‍ ആലപ്പുഴയില്‍ വെച്ചും മറ്റു ദിവസങ്ങളിലും പീഡനം തുടർന്നു കൊണ്ടിരിക്കുകയായിരുന്നു.
ഇതിനിടെ, ഇയാള്‍ യുവതിയുമായി കലഹിക്കുകയും ചെലവിനായി ഏല്‍പ്പിച്ച 30,000 രൂപയും 200 പൗണ്ടും തിരികെ നല്‍കാതെ മുങ്ങുകയുമായിരുന്നു. വിദേശ വനിതയുടെ പരാതിയില്‍ പീഡനത്തിന് കേസെടുത്ത കുമളി പൊലീസ് ഇയാളെ തിരഞ്ഞുവരികയാണ്. പ്രതി തമിഴ്നാട്ടിലേയ്ക്ക് കടന്നതായാണ് അന്വേഷണ സംഘത്തിന് ലഭ്യമായ വിവരം.