ഇന്‍ഡി സഖ്യം അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പത്രികയില്‍ സിഎഎയെപ്പറ്റി പരാമര്‍ശിച്ചിട്ടില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ മറുപടി. തെരഞ്ഞെടുപ്പ് പത്രികയില്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും പൗരത്വ ഭേദഗതി നിയമം റദ്ദാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമെന്നും പി ചിദംബരം അറിയിച്ചു. കേരളത്തില്‍ വെച്ച് നടന്ന പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
’’ തെരഞ്ഞെടുപ്പ് പ്രകടന പത്രിക നീണ്ടുപോകുമെന്ന് തോന്നിയതിനാലാണ് സിഎഎ ഒഴിവാക്കിയത്. അധികാരത്തിലെത്തിയാല്‍ ഉടന്‍ റദ്ദാക്കാന്‍ ഉദ്ദേശിക്കുന്ന നിയമങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അതില്‍ പ്രധാനപ്പെട്ട അഞ്ച് നിയമങ്ങള്‍ സഖ്യം അധികാരത്തിലേറിയാല്‍ ഉടന്‍ റദ്ദാക്കും. എന്നെ വിശ്വസിക്കൂ. ഞാന്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക കമ്മിറ്റിയുടെ ചെയര്‍മാനാണ്. പൗരത്വ ഭേദഗതി നിയമം പൂര്‍ണമായും റദ്ദാക്കും,’’ എന്നും ചിദംബരം പറഞ്ഞു.
കോണ്‍ഗ്രസ് സിഎഎയെ എതിര്‍ത്തില്ലെന്ന പിണറായി വിജയന്റെ പരാമര്‍ശം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം എംപിയായ ശശി തരൂര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയയാളാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി.
’’ അയോധ്യയ്ക്ക് ഇപ്പോള്‍ ക്ഷേത്രം ലഭിച്ചു. അതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ക്ഷേത്രം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു. ആഗ്രഹം പോലെ ക്ഷേത്രം വന്നു. ഇത് അവിടെ അവസാനിക്കണം. രാഷ്ട്രീയത്തിലും രാജ്യം ആര് ഭരിക്കണമെന്ന കാര്യത്തിലും ക്ഷേത്രത്തിന് യാതൊരു പങ്കുമുണ്ടാകരുത്,’’ ചിദംബരം പറഞ്ഞു.
കിഴക്കന്‍ ലഡാക്ക്-ചൈന അതിര്‍ത്തി തര്‍ക്കങ്ങളെപ്പറ്റിയും അദ്ദേഹം മനസ്സുതുറന്നു. ഇന്ത്യയുടെ ആയിരക്കണക്കിന് കിലോമീറ്റര്‍ അതിര്‍ത്തി പ്രദേശത്തേക്ക് ചൈനീസ് സേന അധിനിവേശം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിലെ എംപി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു. അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ക്കും ഇതേ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസും ഇടതുപക്ഷവും ഇന്‍ഡി സഖ്യത്തിന്റെ ഭാഗമാണ്. എന്നാല്‍ സംസ്ഥാനത്ത് എതിര്‍ ചേരിയിലാണ് ഇരുവരും മത്സരിക്കുന്നതെന്ന് ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇത്തവണയും വയനാട്ടിലാണ് മത്സരിക്കുന്നത്. ഏപ്രില്‍ 26നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്.