മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക് പോര്. ശനിയാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം പാളയത്ത് വെച്ചാണ് സംഭവം. സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തു. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ യദു എൽ.എച്ചിനെതിരെയാണ് കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്. ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് പൊലീസ് നടപടി.
പട്ടത്തു നിന്നും പാളയം വരെ മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാണ് ആരോപണം. ബസ് നിർത്തിയിട്ട സമയത്ത് മേയറുടെ വാഹനം കുറുകെ നിർത്തുകയും എന്താണ് സൈഡ് തരാത്തതെന്ന് ചോദിക്കുകയും ചെയ്തു. മേയറിനൊപ്പം ഭർത്താവ് സച്ചിൻ ദേവ് എംഎൽ.എയും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രൈവറും മേയറും തമ്മിൽ തർക്കമുണ്ടാകുന്നത്.
അതേ സമയം കാർ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പോലീസിന് പരാതി നൽകി.ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല.തർക്കത്തിന്‍റെ ദൃശ്യം പുറത്തു വന്നു. ഡ്രൈവറുടെ പരാതി പരിശോധിച്ച ശേഷമേ കേസെടുക്കുകയുള്ളൂവെന്ന് പൊലിസ് വ്യക്തമാക്കി