തിരുവനന്തപുരം കരമനയിൽ 23 വയസ്സുകാരനെ തലക്കടിച്ചു കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ ന്യൂസ് 18ന്. കഴിഞ്ഞ ദിവസമാണ് കരമന സ്വദേശി അഖിലിനെ കാറിലെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. കമ്പി കൊണ്ട് തലക്കടിച്ച ശേഷം മരണം ഉറപ്പാക്കാൻ ദേഹത്ത് വലിയ കല്ലെടുത്തിടുകയായിരുന്നു . വെമ്പായത്ത് മീൻ കച്ചവടം നടത്തിവരികയായിരുന്നു അഖിൽ.
പ്രതികൾ അഖിലിനെ ഇന്നോവ കാറിൽ കയറ്റി മർദിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന് പോലീസ്. കരമന അനന്തു വധക്കേസിലെ പ്രതിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു. ഒരാഴ്ച മുമ്പ് ഒരു ബാറിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.
അഖിലിനെ തലയോട്ടി പിളർന്ന നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. മുൻകൂട്ടി ആലോചിച്ചുള്ള ആസൂത്രിത കൊലപാതകമാണ്. കുറ്റവാളികൾ ഹോളോബ്രിക്സ് ഉൾപ്പെടെ തങ്ങളുടെ പക്കൽ കരുതിയിരുന്നു.