രാജ്യത്തെ മുഴുവൻ ഇന്ത്യൻ സൈനികരെയും ഇന്ത്യ പിൻവലിച്ചതായി പ്രഖ്യാപിച്ച് മാലിദ്വീപ് സർക്കാർ. മുഴുവൻ സൈനികരെയും പിൻവലിക്കുന്നതിനുള്ള അവസാന ദിവസമായ മെയ് 10ന് മുൻപ് തന്നെ മുഴുവൻ ഇന്ത്യൻ സൈനികരെയും മാലിദ്വീപിൽ നിന്നും പിൻവലിക്കാനുള്ള ധാരണയിൽ ഇരു രാജ്യങ്ങളും എത്തിയിരുന്നു. ഇന്ത്യ മാലിയ്ക്ക് നൽകിയ രണ്ട് ഹെലികോപ്റ്ററുകളും ഡോർണിയൻ വിമാനങ്ങളും മറ്റും പ്രവർത്തിപ്പിക്കുന്നതിനായായിരുന്നു ഇന്ത്യൻ സൈനികർ മാലിദ്വീപിൽ തങ്ങിയിരുന്നത്.
രാജ്യത്തെ മുഴുവൻ ഇന്ത്യൻ സൈനികരെയും മടക്കി അയക്കുമെന്ന് കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു പ്രഖ്യാപിച്ചിരുന്നു. മാലിദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീറിന്റെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ചാണ് സൈനികരെ ഇന്ത്യ പൂർണമായും പിൻവലിച്ചിരിക്കുന്നത്. സമീർ വ്യാഴാഴ്ച വിദേശകാര്യ മന്ത്രി ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 89 ഓളം ഇന്ത്യൻ സൈനികർ രാജ്യത്ത് ഉള്ളതായി മാലിദ്വീപ് സർക്കാർ വെളിപ്പെടുത്തിയിരുന്നു.
ഇവരിൽ 51 ഓളം പേർ തിങ്കളാഴ്ച ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. സൈനികരുടെ ഒന്നും രണ്ടും ബാച്ചുകൾ ഇന്ത്യയിലേക്ക് മടങ്ങിയെന്നും മൂന്ന് ഇന്ത്യൻ വ്യോമയാന മേഖലകളുടെ പ്രവർത്തനത്തിനായി ഡെപ്യൂട്ടേഷനിൽ ഈ ഉദ്യോഗസ്ഥരെ നിയമിച്ചതായും വിദേശകാര്യ വക്താവ് റൺധിർ ജെയ്സ്വാൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. മുഴുവൻ ഇന്ത്യൻ സൈനികരെയും പിൻവലിക്കണമെന്ന മുയിസുവിന്റെ നിർബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സമ്മർദ്ദത്തിലാക്കിയിരുന്നു.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ അയൽ രാജ്യമായ മാലിദ്വീപ് മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും സുരക്ഷയും വളർച്ചയും ലഭ്യമാക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ സാഗർ പദ്ധതിയുടെ ഭാഗമാണെന്നും അയൽ രാജ്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഇന്ത്യൻ സർക്കാരിന്റെ നയങ്ങളിൽ മാലിദ്വീപ് ഉൾപ്പെടുന്നതായും വിദേശകാര്യ മന്ത്രി ജയശങ്കർ പറഞ്ഞു. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങളിൽ അധിഷ്ഠിതമാണെന്നും സമീറുമായുള്ള കൂടിക്കാഴ്ചയിൽ ജയശങ്കർ അഭിപ്രായപ്പെട്ടു.