സംസ്ഥാനത്ത് ബുധനാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.
നാളെ പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട ജില്ലയിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
അതേസമയം ഇന്ന് ഒരു ജില്ലയിലും ഉയർന്ന ചൂട് മുന്നറിയിപ്പില്ല. ഏറ്റവും ഉയര്‍ന്ന ചൂട് കൊല്ലത്താണു രേഖപ്പെടുത്തിയത്. അവിടെ 36.5 ഡിഗ്രി സെൽഷ്യസാണു താപനില. കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത ചൂട് അനുഭവപ്പെട്ടിരുന്ന പാലക്കാട്ട് താപനില 33.7 ഡിഗ്രി സെൽഷ്യസിലേക്കു താഴ്ന്നു.