കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നുകളഞ്ഞതായി പരാതി. തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുടമ പൊലീസിനെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസെത്തി വയോധികനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ഏരൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന അജിത്തും കുടുംബവുമാണ് പിതാവായ ഷൺമുഖനെ (70) ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. മൂന്ന് ദിവസം മുൻപാണ് വീട്ടിൽ നിന്ന് മകൻ പോയത്. സഹോദരങ്ങൾ തമ്മിലുള്ള തർക്കമാണ് പിതാവിനെ ഉപേക്ഷിച്ച് പോകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. ഒരു ദിവസം മുഴുവനും ഭക്ഷണം കഴിക്കാതെയും പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കാതെയും ഷണ്‍മുഖന്‍ വീട്ടില്‍ തന്നെ കഴിഞ്ഞതായി പൊലീസ് പറയുന്നു.
ഡ്രൈവറായി ജോലിചെയ്ത് വരുന്ന അജിത്ത് പിതാവിനെ നോക്കുന്നില്ലെന്ന് പറഞ്ഞ് അജിത്തിൻരെ സഹോദരി മുൻപ് പരാതി നൽകിയിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്നം കാരണമാണ് പിതാവിനെ നോക്കാൻ സാധിക്കാത്തതെന്നാണ് പൊലീസിനോട് അജിത്ത് പറഞ്ഞത്. രണ്ട് സഹോദരിമാരെയും പിതാവിനെ കാണാൻ അനുവദിച്ചിരുന്നില്ലെന്ന് സഹോദരി നൽകിയ പരാതിയിൽ പറയുന്നു. അജിത്തിനെ കൂടാതെ ഷണ്‍മുഖത്തിന് രണ്ട് മക്കള്‍ കൂടിയുണ്ട്. ഇവരാണ് ചികിത്സക്കായി ഷണ്‍മുഖനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നത്.
സംഭവത്തിൽ മകനെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. . അച്ഛനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തി അജിത്തിനെതിരെ കേസെടുക്കുമെന്നും പൊലീസ് പറയുന്നു. അച്ഛനെ വീട്ടില്‍ ഉപേക്ഷിച്ച ശേഷം സാധന സാമഗ്രികള്‍ മുഴുവനും എടുത്ത് കൊണ്ടാണ് മകന്‍ കടന്നുകളഞ്ഞതെന്നും പൊലീസ് പറയുന്നു.