കൊച്ചി: ഒന്നര കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികൾ കൊച്ചിയിൽ പിടിയിൽ. പശ്ചിമ ബംഗാൾ ഉത്തർ ഡിനാജ്പുർ ഗോധി സ്കൂളിന് സമീപം സ്വദേശികളായ അക്ബർ ആലം (28), രോഹിത് ആലം (18) എന്നിവരാണ് ഹിൽ പാലസ് പൊലീസിൻ്റെ പിടിയിലായത്. ഇവരിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ഇരുമ്പനം തണ്ണീർച്ചാൽ പാർക്കിന് സമീപം കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടയിൽ ആണ് ഇരുവരും കഴിഞ്ഞ ദിവസം രാത്രി പിടിയിലാകുന്നത്.
ഹിൽ പാലസ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സമീഷ് പി എച്ച് ന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ പ്രദീപ് എം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പോൾ മൈക്കിൾ, ബൈജു, അൻസാർ എന്നിവരടങ്ങിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
അതേസമയം, കോഴിക്കോട് 39 കിലോഗ്രാം കഞ്ചാവ് പിടിയകൂടിയ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പൂനൂർ വട്ടപ്പൊയിൽ ചിറക്കൽ റിയാദ് ഹൗസിൽ നഹാസി(38)നാണ് വടകര എൻ ഡി പി എസ് കോടതി ജഡ്ജ് വി പി എം. സുരേഷ് ബാബു ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ എ. സനൂജ് ഹാജരായി.
2022 ഫെബ്രുവരി 25നാണ് അടിവാരം ചേലോട്ട് മൂലോഞ്ഞി എസ്റ്റേറ്റിലെ വാടക വീട്ടിൽ നിന്ന് 39 കിലോഗ്രാം കഞ്ചാവുമായി നഹാസിനെ അന്ന് താമരശ്ശേരി സബ് ഇൻസ്‌പെക്ടർ ആയിരുന്ന അന്തരിച്ച വി എസ് സനൂജും റൂറൽ ജില്ലാ ആന്റി നാർകോട്ടിക് സ്‌ക്വാഡും ചേർന്ന് പിടി കൂടുന്നത്. ഗൾഫിൽ നിന്നും മടങ്ങി വന്ന നഹാസ് ആന്ധ്രപ്രദേശ് വിശാഖപട്ടണത്ത് ഹോട്ടൽ നടത്തുമ്പോൾ ഉണ്ടാക്കിയെടുത്ത ബന്ധങ്ങൾ മുഖേനയാണ് പെട്ടെന്ന് പണം ഉണ്ടാക്കാൻ കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.