കോഴിക്കോട്: കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ ക്ഷേത്രത്തിലും ആൾത്താമസമില്ലാത്ത വീട്ടിലും കവർച്ച. ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച പണവും വീട്ടിൽ നിന്ന് 13 പവൻ സ്വർണവുമാണ് കവർന്നത്. വെറും 15 മിനിറ്റിനുള്ളിലാണ് മോഷ്ടവ് ഭണ്ഡാരങ്ങൾ പൊളിച്ച് കവർച്ച നടത്തിയത്.
പുലർച്ചെ 12.5 നാണ് തിരുമന മഹാവിഷ്ണു ക്ഷേത്രത്തിൽ കള്ളൻ കയറിയത്. ക്ഷേത്ര ഓഫീസിന്റെ പൂട്ട് തകർത്ത് അകത്ത് കയറാനാണ് ആദ്യം ശ്രമിച്ചത്. ഇത് നടക്കാതെ വന്നപ്പോൾ ശ്രീകോവിലിനുള്ളിൽ കയറാനും ശ്രമം. അതിലും പരാജയപ്പെട്ടപ്പോഴാണ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നത്. നാല് ഭണ്ഡാരങ്ങളും കുത്തിത്തുറന്ന് പണമെടുത്ത് ക്ഷേത്രം വിട്ടത് 12.20 നെന്നും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവിടത്തെ കവർച്ചയ്ക്ക് ശേഷമാണ് കള്ളൻ തൊട്ടടുത്ത ആൾത്താമസമില്ലാത്ത വീട്ടിൽ കയറിയതെന്നാണ് പൊലീസിന്റെ നിഗമനം. ഇവിടെ നിന്ന് 13 പവൻ സ്വർണം കവർന്നിട്ടുണ്ട്.
ഭണ്ഡാരത്തിലെ നാണയങ്ങൾ ഈ വീട്ടിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഗോപിനാഥ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഡോക്ടർ സനീഷ് രാജ് നാട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. ക്ഷേത്രത്തിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വടകര പൊലീസ് അന്വേഷണമാരംഭിച്ചു.