തൃശൂര്‍: തൃശൂര്‍ വടക്കേക്കാട് വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ചെറുമകനെ പൊലീസ് പിടികൂടി. പനങ്ങാവില്‍ അബ്ദുള്ളയും ഭാര്യ ജമീലയുമാണ് കൊല്ലപ്പെട്ടത്. മകളുടെ മകനായ അക്മലാണ് പിടിയിലായത്. ലഹരി ഉപയോഗിക്കുന്നതിന് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
വടക്കേക്കാടിനടുത്ത് വെലത്തൂരില്‍ ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. എഴുപത്തിയഞ്ചുകാരന്‍ അബ്ദുള്ളയും അറുപത്തിനാല് കാരി ഭാര്യ ജമീലയും കൊച്ചുമകന്‍ അക്മലുമായിരുന്നു ഇവിടെ താമസം. വൃദ്ധ ദമ്പതികളുടെ മകളുടെ മകനാണ് അക്മല്‍. ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് പുനര്‍ വിവാഹം ചെയ്ത് കൊല്ലത്താണ് മകള്‍ താമസിക്കുന്നത്. യുവാവ് വൃദ്ധ ദമ്പതികളുടെ സംരക്ഷണയിലുമായിരുന്നു. മംഗലാപുരത്ത് ഡിഗ്രി പഠനത്തിനായി പോയത് മുതല്‍ ഇയാള്‍ ലഹരിക്കടിമയായിരുന്നെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു. പഠനം പാതിവഴിയിലുപേക്ഷിച്ച് മടങ്ങിയെത്തിയ അക്മല്‍ പണത്തിനായി വൃദ്ധ ദമ്പതികളെ മര്‍ദ്ദിക്കാറുണ്ടായിരുന്നു.
മനോനില തെറ്റിയ അക്മലിനെ തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. നാല് മാസം മുമ്പാണ് തിരികെയെത്തിച്ചത്. ഇന്ന് രാവിലെ ഭക്ഷണവുമായി തൊട്ടടുത്ത് താമസിക്കുന്ന മകനെത്തിയപ്പോഴാണ് അരും കൊല പുറം ലോകം അറിഞ്ഞത്. ജമിലയുടെ കഴുത്തറുത്ത് കോവണിപ്പടിയില്‍ വച്ച നിലയിലായിരുന്നു. കാണാതായ അക്മലിനായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് മംഗലാപുരം ഭാഗത്ത് നിന്നും പിടിയിലാവുന്നത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.