തിരുവനന്തപുരം: ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും ഉയർത്തി. യൂണിറ്റ് 16 പൈസ വർധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിട്ടു. ഈ നിരക്ക് വർധന കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്നു. ബിപിഎല്ലുകാർക്കും ഈ നിരക്ക് വർധന ബാധകമാണ്. അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസ കൂടി വർധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഫിക്സഡ് ചാർജ്ജും കൂട്ടിയിട്ടുണ്ട്.
വൈദ്യുതി നിരക്ക് വർധനയെ സംബന്ധിച്ച് മന്ത്രി വിശദീകരണം നൽകി. അനിവാര്യമായ ഘട്ടത്തിലാണ് നിരക്ക് വർധനവെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. നിരക്ക് വർധിപ്പിക്കുന്നത് നിർബന്ധമായിരുന്നു, പല വിഭാഗങ്ങൾക്കും ഇത് ദോഷകരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിരക്ക് വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വർദ്ധിച്ചിരിക്കുന്നു, കൂടാതെ പുറത്തുനിന്നും വൈദ്യുതി വാങ്ങേണ്ടതിന്റെ ആവശ്യകതയും ഉണ്ട്. ബോർഡിന് നിലനിൽക്കാൻ കഴിയാത്ത അവസ്ഥയുണ്ടെന്നും, പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നത് വലിയ പ്രതിസന്ധിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.