ഉപ്പുതറ: വിദേശത്തേക്ക് പോകാനുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി) വീട്ടിലെത്തിക്കാനാണെന്ന് വിശ്വസിപ്പിച്ച് വിളിച്ചവര്‍ ഫോണിലേക്ക് വന്ന ഒ.ടി.പി. നമ്പര്‍ കൈക്കലാക്കി യുവതിയുടെ അക്കൗണ്ടില്‍നിന്ന് ഒരുലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. ഉപ്പുതറ ഈട്ടിക്കല്‍ ഗീതുമോള്‍ തമ്പിയുടെ അക്കൗണ്ടില്‍നിന്നാണ് 1,02,995 രൂപ നഷ്ടപ്പെട്ടത്.
വിദേശത്ത് ജോലിക്ക് പോകാനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി പി.സി.സി. ലഭ്യമാക്കാനായി കഴിഞ്ഞ 18ന് ഗീതുമോള്‍ കട്ടപ്പനയിലെ പാസ്പോര്‍ട്ട് ഓഫിസില്‍ എത്തിയിരുന്നു. അവിടെ പാന്‍കാര്‍ഡ് സ്‌കാന്‍ ചെയ്ത് എടുത്തിരുന്നു. 21ന് കട്ടപ്പനയിലെ കൊറിയര്‍ സര്‍വീസില്‍ നിന്നാണെന്ന് വിശ്വസിപ്പിച്ച് ഗീതുമോളുടെ ഫോണിലേക്ക് കോള്‍ എത്തി.
പോസ്റ്റുമാന്‍ മുഖേന അടുത്ത ദിവസം പി.സി.സി. വീട്ടിലെത്തിക്കുമെന്നും അതിന്റെ നടപടികളുടെ ഭാഗമായാണ് വിളിക്കുന്നതെന്നുമാണ് പറഞ്ഞത്. തുടര്‍ന്ന് ഒരു ലിങ്ക് അയച്ചു നല്‍കുകയും അതില്‍ അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയശേഷം നാല് രൂപ അയച്ചു നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതു ചെയ്തതോടെ ഫോണിലേക്ക് എത്തിയ ഒ.ടി.പി. ആവശ്യപ്പെട്ടു.
പിറ്റേന്ന് പോസ്റ്റുമാന്‍ എത്തി സര്‍ട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു. അതിനുശേഷമാണ് 24ന് രാവിലെ 89999 രൂപ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതായി അറിയിപ്പെത്തിയത്. പിന്നീട് കുറഞ്ഞ സമയത്തിനുള്ളില്‍ പലതവണയായി 102995 രൂപ പിന്‍വലിക്കുകയായിരുന്നു. സൈബര്‍സെല്ലിലും ഉപ്പുതറ പോലീസിലും പരാതി നല്‍കി.