വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് മുഹമ്മദ് സിറാജ് പുറത്ത്. കണ്ണങ്കാലിനേറ്റ പരുക്കിനെ തുടർന്നാണ് താരത്തെ ടീമിൽ നിന്ന് മാറ്റിയത്. ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. പകരം താരത്തെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരൻ ആരംഭിക്കുന്നത്.
ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുക. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ മത്സരത്തിൽ കളിച്ചേക്കുമെന്നാണ് സൂചന. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ കെൻസിംഗ്ടൺ ഓവലിലും മൂന്നാം മത്സരം ട്രിനിഡാഡിലുമാണ്.
ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. വിരാട് കോലി മൂന്നാം നമ്പറിലും സൂര്യകുമാർ യാദവ് മൂന്നാം നമ്പറിലും കളിക്കുമ്പോൾ സഞ്ജു അഞ്ചാം നമ്പറിൽ ക്രീസിലെത്തും. സഞ്ജുവിനു പകരം ഇഷാൻ കിഷനും സാധ്യതയുണ്ട്. കിഷനെ ഓപ്പണറായി പരീക്ഷിച്ചാൽ സഞ്ജു പുറത്താവും. ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ ആറ്, ഏഴ് സ്ഥാനങ്ങളിൽ കളിക്കും. ശാർദുൽ താക്കൂർ, ഉമ്രാൻ മാലിക്, ജയദേവ് ഉനദ്കട്ട്/കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാൽ എന്നിവരാവും മറ്റ് താരങ്ങൾ.