മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഒരു പഞ്ചായത്തില്‍ മാത്രം ഈയാഴ്ച മയക്കുമരുന്ന് ഉപയോഗം മൂലം നഷ്ടമായത് രണ്ട് ജീവനുകളാണ്. ഒരു 19 കാരന്‍ മയക്കുമരുന്നിന് അടിമയായി സ്വയം ജീവനൊടുക്കിയപ്പോള്‍ മറ്റൊരു ചെറുപ്പക്കാരന്‍ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ച് ഒരു 19 കാരിയെ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. വാളകം പഞ്ചായത്തിലായിരുന്നു രണ്ട് മരണങ്ങളും.
വാളകം വടക്കേ പുഷ്പകം രഘുവിന്‍റെ മകള്‍ നമിത (19) ആണ് മയക്കുമരുന്നിനടിമയായ യുവാവോടിച്ച ബൈക്കിടിച്ച് മരിച്ചത്. സംഭവത്തില്‍ ഏനാനല്ലൂര്‍ കിഴക്കേമുട്ടത്ത് ആന്‍സണ്‍ റോയ് (22) ക്കെതിരെ നരഹത്യക്ക് പോലീസ് കെസെടുത്തിരുന്നു.
പതിവായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആന്‍സണ്‍ അപകടദിവസം നിരവധി തവണയാണ് നിര്‍മലാ കോളജ് പരിസരത്തുകൂടി ബൈക്കില്‍ തലങ്ങും വിലങ്ങും പാഞ്ഞു നടന്നത്. ഒടുവിലെ വരവില്‍ കൂട്ടുകാരിക്കൊപ്പം റോഡ് മുറിച്ചുകടക്കുകയായിരുന്ന നമിതയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ഇടിച്ച ബൈക്കിന്‍റെ മുമ്പില്‍ കുടുങ്ങിയ നമിതയുമായി അമിതവേഗതയിലായിരുന്ന ബൈക്ക് ഏതാനും മീറ്റര്‍ മുന്നോട്ടുപാഞ്ഞശേഷമാണ് മറിഞ്ഞത്.
നമിതയ്ക്കൊപ്പമുണ്ടായിരുന്ന പൂവക്കുളം മണിമല എം.ഡി ജയരാജന്‍റെ മകള്‍ അനുശ്രീ (19) ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. അനുശ്രീക്കും സാരമായ പരിക്കുണ്ട്.
മൂവാറ്റുപുഴയില്‍ മയക്കുമരുന്ന് ലോബി പിടിമുറുക്കിയിരിക്കുകയാണെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ട് വര്‍ഷങ്ങളായി. പക്ഷേ കോളജ്, സ്കൂള്‍ പരിസരങ്ങളില്‍ പോലും വ്യക്തമായ പരിശോധനകളോ ബോധവല്‍കരണ പരിപാടികളോ ഇല്ലെന്നതാണ് ഖേദകരം.
നിര്‍മലാ കോളജിന് മുമ്പിലൂടെ പലതവണ ബൈക്കില്‍ ചീറിപാഞ്ഞ ആന്‍സണെതിരെ കുട്ടികള്‍ തിരിഞ്ഞതാണ്. കോളജ് പരിസരത്ത് നിരീക്ഷണത്തിന് ചുമതലയുണ്ടായിരുന്ന പോലീസ് ഇത്രയൊക്കെയായിട്ടും ഇത്തരം അവതാരങ്ങളെ തിരിച്ചറിയുകയോ പിടികൂടുകയോ ചെയ്യാന്‍ തയ്യാറായിട്ടില്ല. ഫലമോ നഷ്ടമായത് രണ്ട് കൗമാരക്കാരുടെ ജീവനും !