ഇടുക്കി: ക്ഷേത്രകാണിക്കവഞ്ചി കടത്താനുള്ള ശ്രമത്തിനിടെ പിടിയിലായ കള്ളന്‍റെ സഹായത്താല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ സഹപ്രതിയും പിടിയിലായി. കട്ടപ്പന നരിയമ്പാറ പുതിയകാവ് ദേവി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കടത്തുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് കോലഞ്ചേരി ചക്കുങ്കല്‍ അജയകുമാര്‍(42) പിടിയിലായത്. ഒപ്പമുണ്ടായിരുന്ന കള്ളന്‍ ആളുകളെത്തിയപ്പോഴേയ്ക്കും മുങ്ങിയിരുന്നു.
ബുധനാഴ്ച രാത്രിയില്‍ കാണിക്കവഞ്ചി ഇളക്കിയെടുത്ത മോഷ്ടാക്കള്‍ സമീപത്തെ വീടിന്റെ മുന്‍വശത്ത് വച്ച് പൊളിക്കാന്‍ ശ്രമം നടത്തുകയായിരുന്നു. ഈ ശബ്ദം കേട്ട് എത്തിയ വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് അജയകുമാറിനെ പിടികൂടുകയായിരുന്നു. സഹപ്രതി ഇതിനോടകം ഓടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ മദ്യലഹരിയിലായിരുന്ന അജയകുമാറിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് കട്ടപ്പന പൊലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ അറസ്റ്റ് ചെയ്തു. സ്റ്റേഷനിലെത്തി ചോദ്യം ചെയ്യുമ്പോഴാണ് സഹപ്രതിയുടെ പേര് അറിയില്ലെന്ന് അജയകുമാര്‍ പറയുന്നത്.
പുത്തന്‍കുരിശ്, കോതമംഗലം സ്റ്റേഷഷനുകളില്‍ ഉള്‍പ്പെടെ 15ല്‍പ്പരം മോഷണക്കേസുകളുള്ള അജയകുമാറിനെ അടപടലം പൂട്ടുമെന്ന് പൊലീസ് വ്യക്തമാക്കിയതോടെ കൂട്ടുകാരനെ വരച്ച് കാട്ടിത്തരാം എന്ന് ഇയാള്‍ വ്യക്തമാക്കുകയായിരുന്നു. പിന്നാലെ നിമിഷ നേരത്തിനുള്ളില്‍ രേഖാചിത്രവും തയ്യാറായി. രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കടപ്പന പുതിയ സ്റ്റാൻഡിൽ വെച്ച് പ്രതിയെ പിടികൂടിയത്. മുണ്ടക്കയം കൂട്ടിക്കൽ കുന്നേപ്പറമ്പിൽ സുബിൻ വിശ്വംഭരൻ ( 28) ആണ് പിടിയിലായത്.
രാത്രി കട്ടപ്പനയിലെത്തിയ സുബിൻ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ഓളിച്ചു താമസിക്കുകയായിരുന്നു. ഇന്നലെ ജോലി അന്വേഷിച്ച് ഇറങ്ങിയ സുബിനെ ബസ് സ്റ്റാൻഡിൽ വെച്ച് രേഖാ ചിത്രത്തിന്റെ സഹായത്താൽ പൊലീസ് പിടികൂടുകയായിരുന്നു. ജോലിയുടെ മറവിൽ മോഷണം നടത്തുവാനാണ് സുബിന്റെ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജോലി അന്വേഷിച്ച് എത്തിയ ഇരുവരും മദ്യപിക്കുന്നതിനിടയിലാണ് പരിചയപ്പെടുന്നത്. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്റെ നേതൃത്വത്തിൽ കട്ടപ്പന എസ്എച്ച്ഒ ടി സി മുരുകൻ, എസ്ഐ ലിജോ പി മണി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്