തൃശൂർ : ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് നൽകാൻ തീരുമാനിച്ചു. കേരള ആരോഗ്യശാസ്ത്ര സർവകലാശാലയാണ് ഇക്കാര്യം അറിയിച്ചത്. വൈസ് ചാൻസലറുടെ അദ്ധ്യക്ഷതയിൽ ശനിയാഴ്ച ചേർന്ന ഗവേണിങ് കൗൺസിൽ യോഗത്തിലാണ് തീരുമാനം എടുത്തത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യവെയാണ് മേയ് 10ന് വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്ററിലെ എംബിബിഎസ് പഠനത്തിന് ശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച സന്ദീപ്, ഡോക്ടർ വന്ദനയെ കുത്തിപ്പരിക്കേൽപ്പിക്കുയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വന്ദയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇതിന് പിന്നാലെ ആശുപത്രികളിൽ ഡോക്ടർമാരുടെ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് സർക്കാർ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പു നൽകിയെങ്കിലും ആശുപത്രികളിൽ ഇതുവരെ ഒരു തരത്തിലുളള നടപടികളും എടുത്തിട്ടില്ല.