ദുബായ്: അടുത്ത വര്‍ഷത്തെ പുരുഷ ട്വന്റി20 ലോകകപ്പ് ജൂണ്‍ നാല് മുതല്‍ 30 വരെ നടക്കുമെന്ന് റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ പത്ത് വേദികളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഒക്ടോബര്‍ മാസത്തിന് പകരം ജൂണിലാണ് ഇത്തവണ ലോകകപ്പ് നടക്കുന്നതെന്ന പ്രത്യേകതയുണ്ട്. കഴിഞ്ഞ രണ്ട് തവണയും ഒക്ടോബറിലാണ് ടി20 ലോകകപ്പ് നടന്നത്. അതുകൊണ്ട് അടുത്ത ടൂര്‍ണമെന്റുകള്‍ ആ സമയത്ത് നടത്തരുതെന്ന് ഐസിസി നിര്‍ദേശം നല്‍കിയിരുന്നു.
2021ലെ യുഎഇ ലോകകപ്പ്, 2022ലെ ഓസ്ട്രേലിയ ലോകകപ്പ് എന്നിവയില്‍ നിന്ന് 2024 ലോകകപ്പ് ഫോര്‍മാറ്റില്‍ മാറ്റമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2024 ലോകകപ്പില്‍ 20 ടീമുകളാണ് പങ്കെടുക്കുന്നത്. 2022 ലോകകപ്പില്‍ 12 ടീമുകളായിരുന്നു മത്സരിക്കാനെത്തിയത്. 20 ടീമുകളെ അഞ്ച് വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഓരോ ഗ്രൂപ്പിലും ആദ്യമെത്തുന്ന രണ്ട് ടീമുകള്‍ അടുത്ത റൗണ്ടായ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടും. ഈ എട്ട് ടീമുകളെയും നാല് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ച് വീണ്ടും മത്സരം നടത്തും. ഓരോ ഗ്രൂപ്പുകളിലും ആദ്യമെത്തുന്ന രണ്ട് ടീമുകള്‍ സെമിയില്‍ പ്രവേശിക്കും.
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി20 പരമ്പരക്ക് വേദിയായിട്ടുണ്ടെങ്കിലും ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റിന് ആദ്യമായാണ് അമേരിക്ക വേദിയാവുന്നത്. ട്വന്റി20 ലോകകപ്പ് വേദികളുടെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച യുഎസ്എയിലെ വേദികളില്‍ ഐസിസി പ്രതിനിധി സംഘം ഇക്കഴിഞ്ഞ ദിവസങ്ങളിലായി സന്ദര്‍ശനം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് ടൂര്‍ണമെന്റിലെ പ്രധാന മത്സരങ്ങള്‍ക്ക് വേദിയായേക്കാവുന്ന ഡാളസ്, മോറിസ്വില്ലെ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലും സന്നാഹ മത്സരങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള ഫ്‌ളോറിഡയിലെ ലോര്‍ഡ്ഹില്ലിലുമാണ് പ്രതിനിധി സംഘമെത്തിയത്. നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന മേജര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ മോറിസ്വില്ലെ, ഡാളസ് എന്നിവിടങ്ങളിലായാണ് നടക്കുന്നത്. ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസിനും യുഎസ്എ ക്രിക്കറ്റിനുമൊപ്പം ചര്‍ച്ച ചെയ്ത് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വേദികളെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഐസിസി എടുക്കുമെന്നാണ് റിപ്പോർട്ട്.