കൊല്ലം: കുളത്തൂപ്പുഴയിൽ 15കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച് പോൺ സൈറ്റുകൾക്ക് വിൽക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ വിഷ്ണു എന്ന യുവാവും ഭാര്യ സ്വീറ്റിയുമാണ് അറസ്റ്റിലായത്. വിഷ്ണു അടുപ്പം സ്ഥാപിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതിനെല്ലാം ഭാര്യ സ്വീറ്റി കൂടെനിന്നുവെന്നും പൊലീസ് പറയുന്നു. വിഷ്ണു പെൺകുട്ടിയെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും സ്വീറ്റി മൊബൈൽ ഫോണിൽ രംഗങ്ങൾ ഷൂട്ട് ചെയ്യുകയും ചെയ്തു. പിന്നീട് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ദൃശ്യങ്ങൾ വിറ്റു. പതിനായിരം രൂപയാണ് ദൃശ്യങ്ങൾ വിറ്റതിലൂടെ ലഭിച്ചതെന്നാണ് വിഷ്ണു പൊലീസിന് നൽകിയ മൊഴി.
ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ദൃശ്യങ്ങളും ചിത്രങ്ങളും പണം കൊടുത്ത് വാങ്ങിയവരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിക്കും. പതിനായിരം രൂപ മാത്രമാണ് കിട്ടിയതെന്ന വിഷ്ണുവിന്റെ മൊഴി സത്യമാണോ എന്നറിയാൻ ബാങ്ക് അക്കൗണ്ടും പരിശോധിക്കും. എത്ര പേർക്ക് ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചു നൽകിയെന്ന് സൈബർ പൊലീസിന്റെ സഹായത്തോടെ കണ്ടെത്താനാണ് ശ്രമം.
ഈ വർഷം ആദ്യമാണ് 31 വയസുകാരനായ വിഷ്ണു ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കുന്നത്. ഇരുവരും ചിത്രങ്ങളും ദൃശ്യങ്ങളും കൈമാറി സൗഹൃദം തുടങ്ങി. എന്നാൽ, ചെങ്ങന്നൂർ സ്വദേശിയായ സ്വീറ്റിയെ വിവാഹം കഴിച്ചതിന് ശേഷവും വിഷ്ണു പെൺകുട്ടിയുമായുള്ള ബന്ധം തുടർന്നു. അടുപ്പം തുടരാൻ പെൺകുട്ടിയുടെ വീടിനു സമീപം വീടു വാടകക്കെടുത്തു. ബി.കോം ബിരുദധാരിയായ സ്വീറ്റിയെക്കൊണ്ട് ട്യൂഷൻ എടുപ്പിക്കാനെന്ന വ്യാജേന പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ച് ലൈംഗിക പീഡനം തുടങ്ങി. വിഷ്ണുവിന്റെ ചെയ്തികളെ ആദ്യം എതിർത്തുവെന്നാണ് സ്വീറ്റി പറയുന്നത്. പിന്നീട് നിർബന്ധത്തിന് വഴങ്ങി കൂട്ടുനിന്നെന്നും പറയുന്നു. ഭർത്താവുമൊന്നിച്ചിട്ടുള്ള പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിലുടെ ചിത്രങ്ങളും ദൃശ്യങ്ങളും ആവശ്യക്കാർക്കെത്തിച്ച് നൽകിയത് സ്വീറ്റിയാണ്. ഗൂഗിൾ പേ വഴിയായിരുന്നു ഇടപാട്.
ഇൻസ്റ്റഗ്രാം വഴി സ്വകാര്യ ദൃശ്യങ്ങൾ പ്രചരിക്കുന്നത് കണ്ട പെൺകുട്ടി സഹപാഠിയെ വിവരം അറിയിച്ചു. സഹപാഠി അധ്യാപികയേയും അധ്യാപിക ചൈൽഡ് ലൈനേയും അതുവഴി പൊലീസിലും പരാതിയെത്തി. ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പെൺകുട്ടിയെക്കൊണ്ട് ചിത്രീകരിപ്പിച്ചെന്നായിരുന്നു പൊലീസിന് ആദ്യം കിട്ടിയ വിവരം. പെൺകുട്ടിയുടെ മൊഴിയെടുത്ത് കൂടുതൽ അന്വേഷിച്ചപ്പോഴാണ് ലൈംഗിക പീഡനത്തിന്റേയും ഓൺലൈൻ ദൃശ്യ വാണിഭത്തിന്റേയും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വെളിപ്പെട്ടത്. ദൃശ്യങ്ങളെടുത്ത മൊബൈൽ ഫോൺ സൈബർ സെല്ലിന് കൈമാറി. അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് തുടർ നടപടിയുണ്ടാകും. ദൃശ്യങ്ങൾ വാങ്ങിയവരിലേക്കും അന്വേഷണമെത്തും. കൊട്ടാരക്കര ജയിലിലേക്കും ഭാര്യ സ്വീറ്റിയെ അട്ടക്കുളങ്ങര ജയിലിലേക്കും മാറ്റി. പോക്സോ, ബലാൽസംഗ വകുപ്പുകൾക്ക് പുറമേ ദളിതർക്കെതിരായ അതിക്രമത്തിനും പൊലീസ് കേസെടുക്കും.