മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് 17കാരനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗജ്റൗളയിലെ ബിതൗര സ്വദേശിയായ കല്ലുവിനെയാണ് (26) പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ഏപ്രിൽ 12ന് നടന്ന സംഭവത്തിൽ കൊല്ലപ്പെട്ട കപിൽ കുമാറിന്റെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. എഫ്ഐആർ ഫയൽ ചെയ്തതോടെ ഒളിവിലായിരുന്ന കല്ലുവിനെ പിലിഭിത്ത് മെഡിക്കൽ കോളേജിന് സമീപത്ത് വച്ചാണ് പോലീസ് പിടികൂടിയത്. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും തെളിവെടുപ്പ് നടത്തി വരികയും ചെയ്യുന്നതായി പോലീസ് അറിയിച്ചു. ഏപ്രിൽ 12ന് രാത്രി ഒരു വിവാഹ ആഘോഷ ചടങ്ങിൽ നിന്നാണ് കല്ലു കപിലിനെ തട്ടിക്കൊണ്ടു പോയത്.
5000 രൂപയുടെ തന്റെ മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഏറെ നേരം കപിലിനെ കല്ലു മർദ്ദിച്ചു. ഫോൺ മോഷ്ടിച്ചിട്ടില്ലെന്ന് കപിൽ ആവർത്തിച്ചു പറഞ്ഞിട്ടും കല്ലു മർദ്ദനം തുടർന്നുവെന്ന് പോലീസ് പറയുന്നു. സംഭവം നടന്നു മണിക്കൂറുകൾക്ക് ശേഷം തന്റെ വീട്ടിൽ നിന്നു തന്നെ മൊബൈൽ കല്ലു കണ്ടെത്തിയെന്നും എന്നാൽ കപിലിന്റെ അടുത്തേക്ക് വീണ്ടും ഓടിച്ചെന്നെങ്കിലും കപിൽ മരിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. തുടർന്ന് മറ്റൊരു കർഷകന്റെ ഉടമസ്ഥതയിലുള്ള വയലിൽ കല്ലു മൃതദേഹം മറവു ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ദീപക് ചതുർവേദി പറഞ്ഞു. ഏപ്രിൽ 14 ന് വൈകിട്ടാണ് പ്രദേശ വാസികളും കുടുംബവും കപിലിന്റെ മൃതദേഹം കണ്ടെത്തിയത്.