ദില്ലി: 76-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾ രാജ്യത്ത് ആരംഭിക്കുന്നു. റിപ്പബ്ലിക് ദിന പരേഡിൽ ഇന്തോനേഷ്യൻ പ്രസിഡൻറ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയായി പങ്കെടുക്കും. കര, വ്യോമ, നാവികസേനകളുടെ പ്രകടനങ്ങളോടൊപ്പം 31 സംസ്ഥാനങ്ങളുടെയും നിശ്ചലദൃശ്യങ്ങൾ പരേഡിൽ ഉൾപ്പെടും. പരേഡിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കുമ്പോൾ, കർത്തവ്യപഥത്തിൽ സൈനികശക്തിയുടെ കരുത്ത് പ്രദർശിപ്പിക്കാൻ സജ്ജമായിട്ടുണ്ട്. ഈ വർഷം, ഇന്തോനേഷ്യൻ കരസേനയും പരേഡിൽ പങ്കെടുക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
റിപ്പബ്ലിക്ക് ദിനപരേഡിന്റെ അവസാനഘട്ട തയ്യാറെടുപ്പുകൾ ദില്ലിയിൽ പൂർത്തിയായി. ചടങ്ങിലെ മുഖ്യാതിഥി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ദില്ലിയിൽ എത്തിയിട്ടുണ്ട്. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 10.30-ന് രാഷ്ട്രപതി കർത്തവ്യപഥത്തിൽ എത്തുന്നതോടെ പരേഡിന് തുടക്കമാകും.
പ്രധാനമന്ത്രി ദേശീയപതാക ഉയർത്തിയതിന്റെ പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങും നടക്കും. ഈ വർഷം 352 അംഗങ്ങളടങ്ങുന്ന ഇന്തോനേഷ്യൻ കരസേനയുടെ സൈനികരും പരേഡിൽ പങ്കെടുക്കും. ബൂട്ടണിഞ്ഞു ചിട്ടയോടെ ചുവട് വെച്ച് രാജ്യത്തെ അഭിവാദ്യം ചെയ്യാൻ ഇന്ത്യൻ കരസേനയുടെ പരേഡ് സംഘം കർത്തവ്യപഥത്തിൽ എത്താൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. കൂടാതെ, കരസേനയുടെ സംഗീത വിസ്മയം ഒരുക്കിയ ബാൻഡ് സംഘം, കുതിരപ്പട്ടാളം എന്നിവയും റെഡിയാണ്.
ഇന്ത്യൻ കരസേന തദ്ദേശീയമായി നിർമ്മിച്ച യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിനായി സജ്ജമാക്കിയിട്ടുണ്ട്. വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങൾ ഇന്ന് ആകാശത്ത് വർണ്ണകാഴ്ച്ച ഒരുക്കും. നാവികസേനയുടെയും വിവിധ അർധസൈനിക വിഭാഗങ്ങളുടെ പരേഡ് സംഘവും 31 നിശ്ചലദൃശ്യങ്ങൾക്കൊപ്പം അണിനിരക്കും. കൂടാതെ, 5000 കലാകാരന്മാർ കർത്തവ്യപഥത്തിൽ കലാവിരുന്നിന്റെ ഭാഗമാകും. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, കൂടാതെ വിവിധ നഗരങ്ങളിലും കനത്ത സുരക്ഷാ നടപടികൾ സ്വീകരിച്ചിരിക്കുന്നു.