ഐപിഎല്ലിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 35 റണ്‍സിന് വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു. ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 40 റണ്‍സടെുത്ത ഷഹബാസ് അഹമ്മദാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. അഭിഷേക് ശര്‍മ 13 പന്തില്‍ 31 റണ്‍സെടിച്ചപ്പോള്‍ നായകന്‍ പാറ്റ് കമിന്‍സ് 15 പന്തില്‍ 31 റണ്‍സടിച്ചു.
ആര്‍സിബിക്കായി സ്വപ്നില്‍ സിംഗും കരണ്‍ ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്ക് ശേഷമാണ് ആര്‍സിബി ഒരു മത്സരം ജയിക്കുന്നത്. ജയത്തോട 9 കളികളില്‍ നാലു പോയന്‍റുള്ള ആര്‍സിബി പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്തുകയും ചെയ്തു. സ്കോര്‍ ആര്‍ സിബി 20 ഓവറില്‍ 206-7, ഹൈദരാബാദ് 20 ഓവറില്‍ 171-8.
പവര്‍ പ്ലേയില്‍ ഹൈദരാബാദിന്‍റെ ഫ്യൂസൂരി ആര്‍സിബി
ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ അപകടകാരിയായ ട്രാവിസ് ഹെഡിനെ വില്‍ ജാക്സ് കരണ്‍ ശര്‍മയുടെ കൈകകലിലെത്തിച്ചപ്പോഴെ ഹൈദരാബാദ് അപകടം മണത്തു. തകര്‍ത്തടിച്ചു തുടങ്ങിയ അഭിഷേക് ശര്‍മ ആര്‍സിബിക്ക് ഭീഷണിയായെങ്കിലും നാലാം ഓവറിൽ യാഷ് ദയാല്‍ അഭിഷേകിനെ(13 പന്തില്‍ 31) വിക്കറ്റിന് പിന്നില്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ കൈകളിലെത്തിച്ചു. പിന്നാലെ ഏയ്ഡന്‍ മാര്‍ക്രത്തെ(7)യും ഹെന്‍റിച്ച് ക്ലാസനെയും(7) വീഴ്ത്തിയ സ്വപ്നില്‍ സിംഗ് ഹൈദരാബാദിന്‍റെ നടുവൊടിച്ചു.
പിന്നാലെ പ്രതീക്ഷ നല്‍കിയ നിതീഷ് റെഡ്ഡിയെ(13)യും അബ്ദുള്‍ സമദിനെയും(6 പന്തില്‍ 10) മടക്കിയ കരണ്‍ ശര്‍മ ഹൈദരാബാദിനെ പത്താം ഓവറില്‍ 85-6ലേക്ക് തള്ളിയിട്ടു.എന്നാല്‍ എട്ടാമനായി ക്രീസിലറങ്ങിയ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് സ്പിന്നര്‍മാര്‍ക്കെതിരെ തുടര്‍ച്ചയായി സിക്സുകള്‍ പറത്തി ആര്‍സിബിയുടെ മനസില്‍ തീ കോരിയിട്ടു. മൂന്ന് സിക്സും ഒരു ഫോറും അടിച്ച് 10 പന്തില്‍ 29 റണ്‍സടിച്ച കമിന്‍സ് ആര്‍സിബിയെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും കമിന്‍സിനെ(15 പന്തില്‍ 31) വീഴ്ത്തിയ കാമറൂണ്‍ ഗ്രീന്‍ ഹൈദരബാദിന്‍റെ ചെറുത്തു നില്‍പ്പ് അവസാനിപ്പിച്ചു. ഷഹബാസ് അഹമ്മദ്(37 പന്തില്‍ 40*) നടത്തിയ പോരാട്ടത്തിന് ഹൈദരാബാദിന്‍റെ തോല്‍വിഭാരം കുറക്കാനെ കഴിഞ്ഞുള്ളു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി വിരാട് കോലിയുടെയും രജത് പാടീദാറുടെയും അര്‍ധസെഞ്ചുരി കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. 43 പന്തില്‍ 51 റണ്‍സെടുത്ത വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്കോറർ. രജത് പാടീദാര്‍ 20 പന്തില്‍ 50 റണ്‍സെടുത്തു. പവര്‍ പ്ലേക്ക് ശേഷം ബൗണ്ടറി കണ്ടെത്താന്‍ പാടുപെട്ട കോലിയുടെ ബാറ്റില്‍ നിന്ന് ഒറ്റ ബൗണ്ടറി പോലും പിറക്കാതിരുന്നത് ആര്‍സിബിക്ക് തിരിച്ചടിയായിരുന്നു. 16 പന്തില്‍ 32 റണ്‍സെടുത്ത കോലി 37 പന്തിലാണ് അര്‍ധസെഞ്ചുറി തികച്ചത്. പവര്‍ പ്ലേക്ക് ശേഷം നേരിട്ട 19 പന്തില്‍ കോലി നേടിയത് 18 റണ്‍സായിരുന്നു. 20 പന്തില്‍ 37 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കാമറൂണ്‍ ഗ്രീനാണ് ആര്‍സിബിയെ 200 കടത്തിയത്. ഹൈദരാബാദിനായി ജയദേവ് ഉനദ്ഘട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടി നടരാജന്‍ രണ്ട് വിക്കറ്റെടുത്തു.