വരുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ തന്നെ തഴയാന്‍ പറ്റാത്ത രീതിയിലുള്ള സ്വാധീനമുണ്ടാക്കാന്‍ ഐപിഎല്ലിലൂടെ സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. റണ്‍വേട്ടയില്‍ ആറാം സ്ഥാനത്തുണ്ട് താരം. ഒമ്പത് മത്സങ്ങളില്‍ 385 റണ്‍സാണ് സഞ്ജു നേടിയത്. ഇനിയും അദ്ദേഹത്തെ ടി20 ലോകകപ്പില്‍ നിന്ന് തഴഞ്ഞാല്‍ അത് വലിയ നീതികേടാവും. പലരും തിരഞ്ഞെടുക്കുന്ന ടി20 ലോകകപ്പില്‍ പോലും സഞ്ജുവിന് സ്ഥാനമില്ല. റിഷഭ് പന്തിനെയാണ് പ്രധാന വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത്. ഇതിനിടെ സഞ്ജുവിനെ വാഴ്ത്തി രംഗത്തെത്തിയിരിക്കുയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.
ഇനിയും സഞ്ജുവിനെ പരിഗണിച്ചില്ലെങ്കില്‍ അത് ഇന്ത്യയുടെ നഷ്ടമാകുമെന്നാണ് ഗംഭീറിന്റെ വാദം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്റര്‍ കൂടിയായ ഗംഭീര്‍ പറയുന്നതിങ്ങനെ… ”സഞ്ജു ഇന്ത്യക്ക് വേണ്ടി കളിച്ചില്ലെങ്കില്‍ അത് സഞ്ജുവിന്റെ നഷ്ടമല്ല, ഇന്ത്യയുടെ നഷ്ടമാണ്. രോഹിത് ശര്‍മയ്ക്കും വിരാട് കോലിയും ലഭിച്ച പിന്തുണ സഞ്ജുവിനും ലഭിക്കണം. അതാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തെ പിന്തുണച്ചില്ലെങ്കില്‍ നഷ്ടമാവുക ഭാവിയില്‍ ഒന്നാം നമ്പര്‍ ബാറ്ററേ ആയിരിക്കും. നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇതുവരെ സഞ്ജുവിനെ പിന്തുണച്ചിട്ടില്ല. ഞാന്‍ തിരഞ്ഞെടുക്കുന്ന ടീമില്‍ സഞ്ജു നാലാമനായിട്ട് ബാറ്റ് ചെയ്യും.” ഗംഭീര്‍ വ്യക്തമാക്കി.
ടി20 ലോകകപ്പില്‍ സഞ്ജു പ്രധാന വിക്കറ്റ് കീപ്പറാവുമെന്നുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാറപകടത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം ക്രിക്കറ്റില്‍ നിന്ന പന്ത് ഐപിഎല്ലിലൂടെയാണ് തിരിച്ചെത്തിയത്. മികച്ച പ്രകടനം പുറത്തെടുക്കയും ചെയ്തു. എന്നാല്‍ പന്തിനെ പ്രധാന കീപ്പറാക്കേണ്ടെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ അഭിപ്രായം. സ്പിന്നിനെതിരെ നന്നായി കളിക്കുന്ന സഞ്ജുവിനെ മധ്യനിരയില്‍ കളിപ്പിച്ചേക്കും. യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരായിരിക്കും ടോപ് ഫോര്‍.