ഇറ്റാലിയൻ ലീഗിലെ ഒരു ഫുട്ബോൾ മത്സരത്തിനിടെ താരം കുഴഞ്ഞുവീണു. ഫിയോറന്റീനയുടെ മിഡ്‌ഫീൽഡർ എഡ്വൊർഡോ ബോവ് ആണ് ഈ അപകടത്തിൽപ്പെട്ടത്. 22 വയസ്സുള്ള താരം ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് ക്ലബ് അധികൃതർ അറിയിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിലാണെന്ന് അവർ വ്യക്തമാക്കി. ഇൻറർമിലാനെതിരായ മത്സരത്തിന്റെ പതിനാറാം മിനിറ്റിലാണ് താരം കുഴഞ്ഞുവീണത്.
ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിനിടെ ദാരുണമായ ഒരു അപകടം സംഭവിച്ചു. മത്സരം പുരോഗമിക്കുന്നതിനിടെ പതിനാറാം മിനിറ്റിൽ ബോവ് തളർന്ന് വീഴുകയായിരുന്നു. വാർ പരിശോധിക്കാനായി കളി നിർത്തിയ സമയത്ത്, ബൂട്ടിന്റെ ലേസ് കെട്ടാൻ കുനിഞ്ഞ ബോവ് ഗ്രൗണ്ടിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ മത്സരം നിർത്തി, ഇരു ടീമുകൾ ഓടിയെത്തി ബോവിനെ ആംബുലൻസിലേക്ക് എത്തിച്ചു. പിന്നീട് അദ്ദേഹത്തെ ഫ്ലോറൻസിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന എഡ്വൊർഡോ ബോവിന് ബോധം വീണതായും അദ്ദേഹം ശ്വാസം എടുക്കുന്നുണ്ടെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബോവിന്റെ മാതാപിതാക്കളും കാമുകിയും ഫിയോറന്റീന കോച്ച് റാഫേൽ പല്ലാഡിനോയും സഹ താരങ്ങളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഫിയോറന്റീന ആരാധകരും ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയിട്ടുണ്ട്.