മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവരായി ആരുമില്ല. ഉപയോഗം കൂടിയത് അനുസരിച്ച് പലയിടങ്ങളില്‍ നിന്നായി വ്യത്യസ്തമായ തട്ടിപ്പു കേസുകളും പുറത്തുവന്നിരുന്നു. ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താകള്‍ക്കായി സവിശേഷ തിരിച്ചറിയല്‍ നമ്പറിന് രൂപം നല്‍കാന്‍ തയ്യാറെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനാണ് ഈ നീക്കം.
മൊബൈല്‍ ഉപഭോക്തള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്ന നിലയിലാണ് ഇത് സജ്ജീകരിക്കുക. ഫോണുകളുടെയും സിം കാര്‍ഡുകളുടെയും എണ്ണം തുടങ്ങിയവ ഇതുവഴി ശേഖരിക്കാന്‍ കഴിയുമെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്. സിം കാര്‍ഡ് ആക്ടീവാണോ, ഒരാളുടെ പേരില്‍ എത്ര സിം കാര്‍ഡുണ്ട് എന്നീ വിവരങ്ങള്‍ പെട്ടെന്ന് ഈ വിവരശേഖരണത്തിലൂടെ കൃത്യമായി മനസിലാക്കാന്‍ കഴിയും.
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ഹെല്‍ത്ത് അക്കൗണ്ട് പോലെയായിരിക്കും ഈ തിരിച്ചറിയല്‍ നമ്പര്‍. രോഗിയുടെ ആരോഗ്യ ചരിത്രം മനസിലാക്കാന്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് സമാനമായി മൊബൈല്‍ ഉപഭോക്താക്കളുടെ വിവരങ്ങളാണ് തിരിച്ചറിയല്‍ നമ്പറിലുണ്ടാവുക. വ്യാജം സിം കാര്‍ഡ് ഉപയോഗം, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ എന്നിവ നിയന്ത്രിക്കുക, സിം കാര്‍ഡ് ട്രാക്ക് ചെയ്യാന്‍ കഴിയുക, മൊബൈല്‍ ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കുക എന്നിവയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.