ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ച് ഐഎസ്ആര്‍ഒയും ഇന്ത്യയും. രാജ്യത്തിന്റെ അഭിമാനമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിൽ നിന്നുള്ള 100-ാം വിക്ഷേപണ ദൗത്യം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി. ഇന്ന് രാവിലെ 6.23ന് രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് ഉയർന്ന ജിഎസ്എൽവി-എഫ്15 റോക്കറ്റ്, രണ്ടാം തലമുറ ഗതിനിർണായക ഉപഗ്രഹമായ എൻവിഎസ്-02 വിജയകരമായി ഭ്രമണപഥത്തിൽ പ്രവേശിപ്പിച്ചു. ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എൻവിഎസ്-02 സാറ്റലൈറ്റ്. GSLV-F15/NVS-02 മിഷന്റെ ഡയറക്ടർ മലയാളിയായ തോമസ് കുര്യനാണ്.
നൂറഴകില്‍ ശ്രീഹരിക്കോട്ട, ഐഎസ്ആര്‍ഒ
1979-ല്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഇസ്രോയുടെ ആദ്യ വിക്ഷേപണം നടന്നു. ആ ദിവസം, കന്നി ദൗത്യത്തിന്റെ സ്വപ്നങ്ങള്‍ 317-ാം സെക്കന്‍ഡില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അസ്തമിച്ചു. എന്നാല്‍ പരാജയത്തില്‍ നിന്ന് പാഠം പഠിച്ച്, ഐഎസ്ആര്‍ഒ മുന്നോട്ട് കുതിച്ചുചെന്നു. ഇതുവരെ, നാല് എസ്എല്‍വി-3, എഎസ്എല്‍വി, 62 പിഎസ്എല്‍വി, 17 ജിഎസ്എല്‍വി (ഇന്നത്തെ ഉള്‍പ്പെടെ), ഏഴ് എല്‍വിഎം-3, മൂന്ന് എസ്എസ്എല്‍വി, ഒരു ആര്‍എല്‍വി ഹെക്സ്, ടെസ്റ്റ് വെഹിക്കിള്‍ (ടിവി ഡി1), പാറ്റ് വിക്ഷേപണങ്ങള്‍ എന്നിവയെല്ലാം ശ്രീഹരിക്കോട്ടില്‍ വിജയകരമായി നടത്തപ്പെട്ടു.
ജിപിഎസിനെ വെല്ലുവിളിക്കാൻ നാവിക്?
ഗതിനിർണ്ണയ രംഗത്ത് അമേരിക്കയുടെ ജിപിഎസിന് ശക്തമായ വെല്ലുവിളി നൽകാൻ ഇന്ത്യ വികസിപ്പിച്ചെടുത്ത അത്യാധുനിക നാവിഗേഷൻ സംവിധാനമാണ് ‘നാവിക്’ (NaVIC). നാവിക് സിഗ്നലുകൾ പൊതുജനങ്ങൾക്ക് മൊബൈൽ ഫോണുകളിൽ ലഭ്യമാക്കാൻ, എൽ1 ബാൻഡിൽ പ്രവർത്തിക്കുന്ന ഏഴ് നാവിഗേഷൻ സാറ്റലൈറ്റുകൾ ഇസ്രോ വിക്ഷേപിക്കാൻ പദ്ധതിയിടുന്നു. ഈ ഏഴ് ഉപഗ്രഹങ്ങളിൽ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്ന് പൂർത്തിയായി. അമേരിക്കയുടെ ജിപിഎസിനെയും, റഷ്യയുടെ ഗ്ലോണാസിനെയും, ചൈനയുടെ ബേദൗയെയും, യൂറോപ്യൻ യൂണിയന്റെ ഗലീലിയെയും വെല്ലുന്ന നാവിഗേഷൻ സംവിധാനമാണ് ഐഎസ്ആർഒ വികസിപ്പിച്ചിരിക്കുന്ന നാവിക്. എല്ലാ തരത്തിലുള്ള ഗതാഗത സംവിധാനങ്ങൾക്കും, ലൊക്കേഷൻ അധിഷ്ഠിത സേവനങ്ങൾക്കും, സർവേകൾക്കും നാവിക് വലിയ ഗുണം നൽകും.