ഗാസയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേൽ അവകാശ വാദം. ഇസ്രയേൽ ഹമാസ് യുദ്ധം തുടങ്ങി നാളെ ഒരു മാസം തികയാനിരിക്കെ ഗാസയിൽ കടുത്ത വ്യോമാക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കടുത്ത വ്യോമാക്രമണമാണ് ഇന്നലെ രാത്രി നടന്നത്. സേന ഗാസയുടെ തീരപ്രദേശത്ത് എത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടു.
അതേസമയം, ഐക്യരാഷ്‌ട്ര സംഘടനയുടെ സ്‌കൂളിനു പിന്നാലെ കഴിഞ്ഞ ദിവസം ഗാസയിലെ അഭയാർഥിക്യാമ്പ് ഇസ്രയേൽ ആക്രമിച്ചിരുന്നു. മഗാസി അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടു. പിന്നാലെ അൽ–- ബറൈജ് അഭയാർഥി ക്യാമ്പും ആക്രമിച്ചു. ഇതോടെ 4880 കുട്ടികളടക്കം ഗാസയിൽ മരിച്ചവരുടെ എണ്ണം 9770 ആയി ഉയർന്നു. വെസ്റ്റ് ബാങ്കിൽ 152 പേരും കൊല്ലപ്പെട്ടു. യുദ്ധത്തിന് താൽക്കാലിക ശമനം വേണമെന്ന് അമേരിക്ക അഭ്യർഥിച്ചിട്ടും പിൻമാറില്ലെന്ന് ഇസ്രയേൽ പറഞ്ഞതിനു പിന്നാലെയാണ് ആക്രമണം. ഗാസയിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവർ ജീവൻ അപകടത്തിലാക്കുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി യോവ് ഗഗാലൻ പറഞ്ഞു.