ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി കേരളത്തിൽ തിരിച്ചെത്തി. കപ്പലിലുണ്ടായിരുന്ന 17 ഇന്ത്യാക്കാരിലെ ഏക വനിതയായ തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ചേർന്ന് ആന്‍ ടെസയെ സ്വീകരിച്ചു. ഒരുവർഷം മുൻപാണ് ആൻ ടെസ മുംബൈയിലെ എംഎസ്‌സി ഷിപ്പിങ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി 9 മാസം മുൻപാണ് കപ്പലിലെത്തിയത്.
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാനിയൻ വിദേശകാര്യമന്ത്രി അമീർ അബ്ദുള്ളാഹിയാനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു യുവതിയുടെ മോചനം. ആന്‍ ടെസ തിരിച്ചെത്തിയതിലുള്ള സന്തോഷം പ്രകടിപ്പിച്ച കേന്ദ്രമന്ത്രി ഇറാനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ ഇടപെടലുകളെ അഭിനന്ദിച്ചു.