കാസർഗോഡ് മോക്ക്പോളിനിടെ ബിജെപി സ്ഥാനാർത്ഥിക്ക് ഇവിഎമ്മിൽ അധികവോട്ട് ലഭിച്ചുവെന്ന ആരോപണത്തിൽ പ്രതികരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. സംഭവത്തിൽ സുപ്രീം കോടതിയിൽ വാദം നടന്നു. നടന്നത് ഒരു സാങ്കേതിക തകരാർ മാത്രമാണെന്നും അത് ഉടൻ തന്നെ പരിഹരിച്ചുവെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്.
കാസർഗോഡ് മോക്ക്പോളിനിടെ ഇവിഎമ്മിൽ ബിജെപിക്ക് അധികവോട്ട് രേഖപ്പെടുത്തിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും അങ്ങനെയൊരു സംഭവം തന്നെ ഉണ്ടായിട്ടില്ലെന്നുമാണ് കമ്മീഷൻ പറയുന്നത്. സംഭവത്തിൽ റിട്ടേണിംഗ് ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചുവെന്നും ആവശ്യമെങ്കിൽ വിശദമായ റിപ്പോർട്ട് നൽകാമെന്നും കമ്മീഷൻ വ്യക്തമാക്കി.
നേരത്തെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇവിഎമ്മില്‍ കൃത്രിമത്വം ആരോപിച്ച് കാസർകോട് മണ്ഡലത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഏജന്റുമാരാണ് രംഗത്ത് വന്നത്. ഇതിന് പിന്നാലെ പരാതി പരിശോധിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. വിപാറ്റുകള്‍ എണ്ണണമെന്ന വാദം നടക്കവെ അഭിഭാഷകന്‍ കാസര്‍കോട്ടെ മോക്ക്പോള്‍ വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.
മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് സുപ്രീം കോടതിയിൽ ഇക്കാര്യം ഉന്നയിച്ചത്. ഇതിനുള്ള മറുപടിയിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ ആരോപണങ്ങൾ നിഷേധിച്ചത്. വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സുപ്രീം കോടതി നിലവിൽ വാദം കേൾക്കുന്നത്. ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തെ മോക്ക്പോളിലെ പിഴവുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കാസർഗോഡ് എൽഡിഎഫ് സ്ഥാനാർത്ഥി എംവി ബാലകൃഷ്‌ണൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കലക്‌ടർക്ക് പരാതി നൽകിയിരുന്നു.
യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഏജന്റായ നാസർ ചേർക്കളമാണ് വിഷയത്തിൽ ആദ്യം പരാതി ഉന്നയിച്ചത്. ആദ്യ മൂന്ന് റൗണ്ടിലും ബിജെപിക്ക് പോൾ ചെയ്യാതെ വോട്ട് ലഭിച്ചെന്നായിരുന്നു നാസറിന്റെ ആരോപണം. എല്ലാ സ്ഥാനാർഥികൾക്കും ഒരു വോട്ട് വീതം ചെയ്‌തപ്പോഴാവട്ടെ വിവിപാറ്റിൽ ബിജെപി സ്ഥാനാർഥിക്ക് അധികമായി ഒരു വോട്ട് കൂടി ലഭിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ജനവിധി ഏപ്രിൽ 26നാണ് കുറിക്കുക. എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്ക് പുറമെ ഇക്കുറി ബിജെപിയും ശക്തമായി മത്സര രംഗത്തുണ്ട്. സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. അതിനിടയിലാണ് ഇവിഎമ്മിൽ കൃത്രിമം കാട്ടിയെന്ന ഗുരുതര ആരോപണം ഉയരുന്നത്.