ഫോർട്ട് കൊച്ചിയിൽ പാലസ്തീൻ അനുകൂല ബാനറുകളും പോസ്റ്ററുകളും വലിച്ചുകീറിയ സംഭവത്തിൽ ഓസ്ട്രേലിയൻ വനിതയെ പൊലിസ് അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയൻ വംശജയായ സാറ ഷിലെൻസ്‌കി മിഷേലിനെ(38) വ്യാഴാഴ്ചയാണ് പോലിസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയത്. സംഭവ സ്ഥലത്ത് സാറയുടെ സുഹൃത്തായ മറ്റൊരു യുവതിയും ഉണ്ടായിരുന്നു. എന്നാൽ മറ്റു തെളിവുകൾ ഒന്നും ലഭിക്കാത്തതിനാൽ അവരെ വെറുതെ വിടുകയായിരുന്നു.
അതേസമയം സംഭവത്തിൽ നിയമനടപടികൾ പൂർത്തിയാക്കി യുവതിയ്ക്ക് കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാൻ രണ്ട് ഓസ്‌ട്രേലിയൻ എംബസി ഉദ്യോഗസ്ഥർ കൊച്ചിയിലെത്തിയിരുന്നു. കേസിൽ സാറ എന്ന യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതായി മട്ടാഞ്ചേരി അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ കെ ആർ മനോജ് അറിയിച്ചു. സമൂഹത്തില്‍ കലാപമുണ്ടാക്കാനായി മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവൃത്തിയെന്ന പേരില്‍ ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്.
വിദേശ വനിതയായതിനാലാണ് അവരെ കോടതിയിൽ ഹാജരാക്കാൻ തീരുമാനിച്ചതെന്നും നിലവിൽ, ജാമ്യം അനുവദിക്കുന്നതിന് കോടതി ഉപാധികൾ വെക്കുമെന്നും അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഫോർട്ട് കൊച്ചി ബീച്ചിലും കമലക്കടവിലും സ്റ്റുഡൻ്റ്‌സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ്ഐഒ) സ്ഥാപിച്ച പാലസ്തീൻ അനുകൂല പോസ്റ്ററുകൾ വിനോദസഞ്ചാരികളായ യുവതികൾ വലിച്ചുകീറുകയായിരുന്നു. ഇത് ചോദ്യം ചെയ്ത നാട്ടുകാരും ഇവരും തമ്മിൽ വലിയ വാക്കേറ്റവും നടന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
എസ്ഐഒ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ഫോർട്ട് കൊച്ചി പൊലീസ് ചൊവ്വാഴ്ചയാണ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇസ്രായേൽ ജനതയുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഉള്ളടക്കമൊന്നും ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഫോർട്ട് കൊച്ചി എസ്ഐഒഏരിയ സെക്രട്ടറി മുഹമ്മദ് അസീം കെഎസ് പറഞ്ഞു. പാലസ്തീൻ പൗരന്മാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ബാനറുകൾ സ്ഥാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.