ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തിന്‌റെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു. അടുത്ത 10 വർഷത്തേക്കുള്ള തുറമുഖത്തിന്റെ നടത്തിപ്പിനായുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പു വെച്ചിരിക്കുന്നത്. ഈ കരാർ ഇരുരാജ്യങ്ങൾക്കും പരസ്പരം ബന്ധപ്പെടുന്നതിനും വ്യാപാര ബന്ധം കൂടുതൽ ശക്തമാകുന്നതിലും പ്രധാന പങ്കുവഹിക്കും. ഇതാദ്യമായാണ് ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പുചുമതല ഇന്ത്യ ഏറ്റെടുക്കുന്നത്. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ ഈ തുറമുഖം വലിയ സ്വാധീനം ചെലുത്തും എന്നാണ് പ്രതീക്ഷ.
ഇതാദ്യമാണ് ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യ ഏറ്റെടുക്കുന്നത്. കൂടാതെ അയൽ രാജ്യമായ പാക്കിസ്ഥാനെ മറികടന്ന് മധ്യേഷ്യയിലെ സാധ്യതകൾ നേരിട്ട് പ്രയോജനപ്പെടുത്താൻ ഈ കരാർ ഇന്ത്യക്ക് സഹായകമാകും. ഇന്ത്യ പോർട്സ് ഗ്ലോബല്‍ ലിമിറ്റഡും (ഐപിജിഎല്‍) ഇറാന്‍റെ പോർട്ട് ആൻഡ് മാരിടൈം ഓർഗനൈസേഷനും (പിഎംഒ) തമ്മില്‍ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാളിന്‍റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. ഇക്കാര്യം കേന്ദ്ര തുറമുഖ മന്ത്രാലയം ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
“ചബഹാർ തുറമുഖ വികസന പദ്ധതിയിൽ ഷാഹിദ് ബെഹേഷ്തി തുറമുഖ നടത്തിപ്പിനായി ഇന്ത്യയുടെ ഇന്ത്യൻ പോർട്ട്സ് ഗ്ലോബൽ ലിമിറ്റഡും (IPGL) ഇറാനിലെ പോർട്ട് & മാരിടൈം ഓർഗനൈസേഷനും (PMO) തമ്മിൽ 10 വർഷത്തെ ഉഭയകക്ഷി കരാരിൽ ഒപ്പിട്ടു” പ്രസ്താവനയിൽ അറിയിച്ചു. 10 വർഷത്തെ ദീർഘകാല പാട്ടക്കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും മേഖലയിൽ നിന്നുള്ള വ്യാപാര സമൂഹങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതോടൊപ്പം ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് അനുയോജ്യമായ വ്യാപാര, നിക്ഷേപ അവസരങ്ങൾക്കും കരാർ വഴിയൊരുക്കും. കരാറിൽ ഒപ്പിട്ടതോടെ ചബഹാറിൽ ഇന്ത്യയുടെ ദീർഘകാല ഇടപെടലിന് അടിത്തറയിട്ടതായും സോനോവാൾ പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട് ഇറാൻ റോഡ്, നഗര വികസന മന്ത്രി മെഹർദാദ് ബസർപാഷുമായും സോനോവാൾ കൂടിക്കാഴ്ച നടത്തി. ഊർജ്ജ സമ്പന്നമായ ഇറാന്റെ തെക്കുകിഴക്കൻ തീരത്ത് സിസ്റ്റാൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് ചബഹാർ തുറമുഖം സ്ഥിതി ചെയ്യുന്നത്.
തുറമുഖം ഇന്ത്യയും ഇറാനും തമ്മിലുള്ള വ്യാപാര ബന്ധം വർധിപ്പിക്കുന്നതില്‍ നിർണായക പങ്ക് വഹിക്കുമെന്നും വിലയിരുത്തുന്നു. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, അർമേനിയ, അസർബൈജാൻ, റഷ്യ, മധ്യേഷ്യ, യൂറോപ്പ് ഉള്‍പ്പെടുന്ന 7,200 കിലോമീറ്റർ ദൂരപരിധിയിലുള്ള ബഹുവിധ ഗതാഗത പദ്ധതിയായ ഐഎൻഎസ്‌ടിസിയിലും ഈ തുറമുഖം നിർണായകമായി നിലനിൽക്കും. 2003-ൽ ഇറാൻ പ്രസിഡൻ്റ് മുഹമ്മദ് ഖതാമിയുടെ ഇന്ത്യാ സന്ദർശന വേളയിൽ തുറമുഖത്തിൻ്റെ വികസനം സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു.
2015 മെയ് മാസത്തിൽ ഇന്ത്യ ഇത് സംബന്ധിച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അതിനുശേഷം, 2016 മെയ് 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാൻ സന്ദർശന വേളയിൽ ആണ് ഈ കരാർ ഉടമ്പടിവെച്ചത്. അതേസമയം ചബഹാർ ഒരു സമുദ്ര തുറമുഖമാണ്. ഇതിന്റെ പ്രവർത്തനം ഏറ്റെടുക്കുന്നതിലൂടെ പാക്കിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്കും അതിനപ്പുറത്തേക്കും മധ്യേഷ്യയിലേക്കും നേരിട്ട് പ്രവേശനം സ്ഥാപിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2024-25 വർഷത്തേക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചബഹാർ തുറമുഖത്തിന് 100 കോടി രൂപ അനുവദിച്ചിരുന്നു.